തിരുവനന്തപുരം മൃഗശാലയിലെ കരടികള്‍. (ഫയല്‍ ചിത്രം)
എല്ലാ നഗരത്തിനുമുണ്ടൊരു ലാന്‍ഡ് മാര്‍ക്ക്– പാരിസിന് ഐഫല്‍ ടവര്‍, ലണ്ടന് തെംസ് നദി, ഡെല്‍ഹിക്ക് റെസിനാ ഹില്‍സ്.. അപ്പോള്‍ നമ്മുടെ നഗരങ്ങള്‍ക്കോ? കോഴിക്കോടിന് മാനാഞ്ചിറ, എറണാകുളത്തിന് മറൈന്‍ഡ്രൈവ്, തിരുവനന്തപുരത്തിന് മ്യൂസിയം– മൃഗശാല. നഗരമധ്യത്തിലൊരു മ്യൂസിയം –മൃഗശാല കോംപ്ലക്സ് ഉള്ള അപൂര്‍വ്വം നഗരങ്ങളിലൊന്നാണ് കേരളത്തിന്‍റെ തലസ്ഥാനം. നേപ്പിയര്‍ മ്യൂസിയം, മ്യൂസിയം റോഡ്, മ്യൂസിയം പൊലീസ് സ്റ്റേഷൻ ഇവയെ കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. മ്യൂസിയത്തോടു ചേര്‍ന്നാണ് മൃഗശാല. തൊട്ടടുത്തു തന്നെ ഒബ്സര്‍വേറ്ററി, കനകക്കുന്ന് കൊട്ടാരം എന്നിവയുമുണ്ട്. നഗരത്തിന്‍റെ ഹരിത ശ്വാസകോശമെന്നും പ്രൗഢമായ ഹെറിറ്റേജ് മേഖലയെന്നും എല്ലാം വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം കൂടിയാണ്.
മ്യൂസിയം തന്നെ ചരിത്രം!
1859 ലാണ് മ്യൂസിയം സ്ഥാപിക്കപ്പെടുന്നത്, തുടര്‍ന്ന് മൃഗശാലയും നിലവില്‍ വന്നു. 167 വര്‍ഷങ്ങളായി, തലമുറകള്‍ക്ക് വിനോദവും വിശ്രമവും എല്ലാം പകര്‍ന്നു തരുന്ന ഒരു പച്ചത്തുരുത്തായി മ്യൂസിയം. അതിനോടു ചേര്‍ന്നുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മൃഗശാല, അതിനുള്ളിലെ മരങ്ങളും ചെടികളും തടകാവും ആര്‍ട്ട് മ്യൂസിയവും നാച്വറല്‍ ഹിസ്റ്ററിമ്യൂസിയവും സ്ഥിതി ചെയ്യുന്നു.
മൃഗങ്ങളും തലസ്ഥാനവും
നഗരമധ്യത്തില്‍ അയല്‍ക്കാരായി സിംഹവും കടുവയും! കൂടുചാടി വരുന്ന വാനരന്‍മാര്‍! ഇതെല്ലാം നിത്യജീവിതത്തിന്‍റെ ഭാഗമാണ് തിരുവനന്തപുരത്തുകാര്‍ക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടുചാടിയ വിരുതന്‍മാരുടെ കഥ പഴമക്കാര്‍ക്കറിയാം. കൂട്ടില്‍നിന്ന് പുറത്തുകടന്ന് ബസ് സ്റ്റാന്‍ഡിനു സമീപം വിശ്രമിച്ച കടുവകളും മൃശാലയും കടന്ന് കുളത്തൂര്‍ വരെ റോഡിലൂടെ കൂളായി നടന്നുപോയ മുതലയും എല്ലാം തിരുവനന്തപുരത്തുകാരുടെ ലജന്‍ഡുകളാണ്. കുട്ടികളാണ് മൃഗശാലയുടെ ഏറ്റവും വലിയ ആരാധകര്‍. മൃഗശാലയിലെ കൂട്ടുകാരെല്ലാം ദൂരെയെങ്ങോ പോയാല്‍ നഗരത്തിലെ കുട്ടികളുടെ ജീവിതം എന്താവും? മൃഗശാലയെയും മൃഗങ്ങളെയും സ്നേഹത്തോടെയും കൗതുകത്തോടെയും കണ്ടു വളര്‍ന്നവരുടെ സ്ഥിതിയോ?
സൗകര്യം വേണ്ടേ മൃഗങ്ങള്‍ക്കും?
മൃഗങ്ങള്‍ക്ക് തുറസായ സ്ഥലവും മികച്ച കൂടുകളും ഓടി നടക്കാനിടവും ശുദ്ധവായുവും വെള്ളവും എല്ലാം വേണം, തര്‍ക്കമില്ല. അതെങ്ങനെ ഇപ്പോഴുള്ള സ്ഥലത്ത് ഒരുക്കാനാവും എന്ന് ആലോചിച്ചിട്ടുപോരെ കാട്ടാക്കടയിലേക്കോ നെയ്യാര്‍ ഡാമിലോക്കോ വെള്ളറടയിലോക്കോ മൃഗശാലയെ പറിച്ചു നടുന്നത്? ഇക്കാര്യം പഠിക്കേണ്ടത് വിദഗ്ധരാണ്.
എന്താവും മൃഗശാലക്ക് പകരം വരിക?
മൃഗശാല പോയാല്‍ മാഡിസണ്‍ സ്വക്വയറിന് സമാനമായ പാര്‍ക്കും വ്യായമ–വിശ്രമ സൗകര്യങ്ങളും വരുമെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്. മൃഗശാല നില്‍ക്കുന്നിടത്തെ മരങ്ങളും ചെടികളും തടാകവും ചെറുകുളങ്ങളും സംരക്ഷിക്കപ്പെടുമോ? ഫുട്പാത്തുപണിയാന്‍ നൂറു മരം വെട്ടുന്ന നാടാണ്. അതുകൊണ്ട് സംശയം ഉയരുക സ്വാഭാവികം. നേപ്പിയര്‍ മ്യൂസിയത്തിന് ചുറ്റും മരങ്ങള്‍, പൂച്ചെടികള്‍ വള്ളികള്‍ എന്നിവയുള്ള അതിമോനഹരമായന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉണ്ടായിരുന്നു. റോസ് ചെടികള്‍, ഓര്‍ക്കിഡുകള്‍, ജല സസ്യങ്ങള്‍ എന്നിവയുടെ ബൃഹത്തായ ശേഖരം ഇന്ന് പേരിന് മാത്രം.
മാസ്കോട്ട് ഹോട്ടല്‍ ജംങ്ഷന്‍ മുതല്‍ വെള്ളയമ്പലം അയ്യന്‍കാളി സ്ക്വയര്‍ വരെ ഹെറിറ്റേജ് മേഖലയായി സംരക്ഷിക്കപ്പെടണം. മ്യൂസിയം –മൃഗശാല, കനകക്കുന്ന്, ഒബ്സര്‍വേറ്ററി, ജലഭവന്‍, ബാലഭവന്‍ എന്നിവ ചേര്‍ന്ന് ഹരിത മേഖല സൃഷ്ടിക്കുകയാണ് വേണ്ടത്. നേപ്പിയര്‍ മ്യൂസിയവും ഒബ്സര്‍വേറ്ററിയും സ്ഥാപിച്ച സ്വാതിതിരുനാളിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരം ഈ കെട്ടിടങ്ങളും അവയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളും അവയുടെ ഭംഗിയും മൂല്യവും നഷ്ടപ്പെടാതെ ആധുനിക രീതികളുപയോഗിച്ച് സംരക്ഷിക്കുക എന്നതാണ്. ഒപ്പം തലസ്ഥാന നഗരത്തിന്‍റെ സൗകര്യങ്ങളും വികസന സാധ്യതകളും ചേര്‍ത്തുവെക്കുകയും വേണം.