• സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ മൂന്ന് വർഷത്തെ കരാർ കാലാവധി നാളെ വൈകിട്ടോടെ അവസാനിക്കും.

സര്‍ക്കാരിന്‍റെ ഹെലികോപ്ടറിന്‍റെ വാടക കാലാവധി നാളെ തീരും. ഹെലികോപ്ടര്‍ തുടരണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കി. ഇതേ നിരക്കില്‍ രണ്ട് വര്‍ഷം കൂടി തുടരാമെന്നാണ് ശുപാര്‍ശ. ഇന്നോ നാളെയോ മുഖ്യമന്ത്രി അന്തിമതീരുമാനമെടുത്തേക്കും.

പിണറായി വിജയന്‍ വാടകക്കെടുത്ത ഹെലികോപ്ടര്‍, വി.ഡി.സതീശന്‍ തുടര്‍ച്ചയായി പറന്ന് നടക്കുന്നൂവെന്ന് ആക്ഷേപം കേട്ട ഹെലികോപ്ടര്‍. രണ്ട് ദിവസം കൂടി പറക്കാനുള്ള കരാറെ ആ ഹെലികോപ്ടറിന് അവശേഷിക്കുന്നുള്ളു. 19 ന്, അതായത് നാളെ വൈകിട്ടോടെ മൂന്ന് വര്‍ഷമെന്ന വാടക കാലാവധി അവസാനിക്കും.

 വാടക കരാര്‍ പുതുക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. വനമേഖലകളിലെ നിരീക്ഷണമടക്കം ഒട്ടേറെ പൊലീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അവയവദാനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെട്ടു. മുഖ്യമന്ത്രിയുടെയടക്കം യാത്രക്കും ഉപയോഗിക്കാമെന്നതുമാണ് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ കരാര്‍ പുതുക്കിയാല്‍ സാമ്പത്തിക ലാഭമാണെന്നും പൊലീസ് എടുത്തുപറയുന്നുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് കരാര്‍ തയാറാക്കിയപ്പോള്‍, സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ രണ്ട് വര്‍ഷം കൂടി ഇതേ നിരക്കില്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. അങ്ങിനെയെങ്കില്‍ കരാര്‍ പുതുക്കിയാല്‍ മാസം 80 ലക്ഷം രൂപയെന്ന നിരക്കില്‍ 2028 സെപ്റ്റംബർ വരെ ഉപയോഗിക്കാം. ഈ കരാര്‍ അവസാനിപ്പിച്ച് പുതിയ ടെണ്ടറിന് ശ്രമിച്ചാല്‍ ഇത്ര കുറഞ്ഞ നിരക്കില്‍ ഹെലികോപ്ടര്‍ കിട്ടില്ലെന്നാണ് പൊലീസ് വാദിക്കുന്നത്. 

വി.ഡി.സതീശന്‍റെ മുന്നിലാണ് തീരുമാനമെടുക്കാനുള്ള ഫയല്‍. വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് വേണ്ടെന്ന് വെക്കുമോ, പൊലീസ് ചൂണ്ടിക്കാട്ടുന്ന ആവശ്യങ്ങള്‍ അംഗീകരിച്ച് കരാര്‍ നീട്ടുമോയെന്ന് ഉടന്‍ അറിയാം.

ENGLISH SUMMARY:

The three-year lease agreement for the Kerala government's hired helicopter is set to expire by tomorrow evening. State DGP has submitted a formal letter to the government recommending a two-year extension of the current contract. The police department highlighted that renewing the existing agreement at the current rate of ₹80 lakh per month would be economically advantageous compared to issuing fresh tenders. A final decision on whether to extend the lease or discontinue the service will be taken by Chief Minister V.D. Satheesan shortly.