സർവീസിലിരിക്കെ അധികാരം ഉപയോഗിച്ച് ഒരു കുടുംബത്തെ വേട്ടയാടിയ സംഭവത്തിലാണ് മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഒടുവിൽ ശിക്ഷിക്കപ്പെടുന്നതെന്ന് പരാതിക്കാരനായ ആലപ്പുഴ മാമ്പുഴക്കരി കരുവേലിത്തറ ബോബി കുരുവിള. 1990 സെപ്റ്റംബറിലാണ് അന്ന് ഉദ്യോഗസ്ഥനായിരുന്ന തച്ചങ്കരി ബോബിയുടെ കുടുംബവുമായി ഉരസുന്നതും തുടർന്ന് കള്ളക്കേസിൽ കുടുക്കി ഉപദ്രവിക്കുന്നതും.
തുടർന്നുള്ള 36 വർഷത്തെ നിരന്തരമായ നിയമപോരാട്ടത്തിനൊടുവിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും വിധിച്ചത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒടുവിൽ നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും, തച്ചങ്കരിക്കെതിരെയുള്ള മറ്റ് അഴിമതി ആരോപണങ്ങളിലും കേസുമായും നിയമപോരാട്ടം തുടരുമെന്നും ബോബിയും സഹോദരൻ അലക്സാണ്ടർ കരുവേലിത്തറയും മനോരമ ന്യൂസിനോട് പറഞ്ഞു.
നിലവിൽ നാല് വർഷത്തെ അനധികൃത സ്വത്ത് സമ്പാദനത്തിലാണ് തച്ചങ്കരി ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, ഇനി 16 വർഷത്തെ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കാനുണ്ടെന്നും ബോബി കുരുവിള വ്യക്തമാക്കി. തച്ചങ്കരി അനധികൃതമായി വാങ്ങിക്കൂട്ടിയ റിസോർട്ടുകളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും അന്വേഷണം വേണം.
രാഷ്ട്രീയ നേതൃത്വങ്ങളിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മാത്രമാണ് തച്ചങ്കരിക്കെതിരെ ഉറച്ച നിലപാടെടുത്തതെന്നും, പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ചട്ടവിരുദ്ധമായി തച്ചങ്കരിക്ക് അനുകൂലമായി തുടരന്വേഷണത്തിന് ഉത്തരവിട്ട കാര്യത്തിൽ അടക്കം നിയമപോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു. അതിനിടെ, "പലനാൾ കള്ളൻ ഒരുനാൾ കുടുങ്ങും" എന്നായിരുന്നു വിധിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ പ്രതികരണം.
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വിജിലൻസ് കോടതിയിലുമായി പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷാവിധിയെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുന്ന തച്ചങ്കരിയുടെ സർവീസ് കാലത്തെ മറ്റ് അഴിമതികളും ക്രമക്കേടുകളും കോടതിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പരാതിക്കാർ.