• എറണാകുളം ഇളംകുളം മെട്രോ സ്റ്റേഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രികനായ കുമ്പളം സ്വദേശി കെ.പി. രവീന്ദ്രന് ഗുരുതരമായി പരുക്കേറ്റു.

എറണാകുളം നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പരിക്കേൽപ്പിച്ച ശേഷം ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് ബസ് ജീവനക്കാരുടെ ക്രൂരത. എളംകുളം മെട്രോ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ കുമ്പളം സ്വദേശി കെ.പി. രവീന്ദ്രനാണ് ഗുരുതരമായി പരുക്കേറ്റത്. 

നിയന്ത്രണം വിട്ട ബസിന്റെ പിൻഭാഗം തട്ടിയാണ് രവീന്ദ്രന്റെ സ്കൂട്ടർ മറിഞ്ഞത്. തൊട്ടുപിന്നാലെ വന്ന കാർ ഉടൻ ബ്രേക്ക് ചെയ്തതിനാലും, ബസിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങാതിരുന്നതിനാലും മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.

അപകടം നടന്നയുടൻ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ബഹളം വെച്ച് ബസ് തടയുകയായിരുന്നു. കൈകാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന രവീന്ദ്രനെ ആശുപത്രിയിലാക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാതെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കാണ് ബസ് ജീവനക്കാർ ഇയാളെ കൊണ്ടുപോയത്. തുടർന്ന് ആശുപത്രിയിൽ ഓട്ടോറിക്ഷയിൽ ഇറക്കി, ഒ.പി ടിക്കറ്റ് എടുത്തു നൽകിയ ശേഷം ബസ് ജീവനക്കാർ മുങ്ങുകയായിരുന്നു.

കൈക്ക് ഗുരുതരമായി പരുക്കേറ്റ രവീന്ദ്രൻ നിലവിൽ ചികിത്സയിലാണ്. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ പേരോ നമ്പറോ ഓർത്തെടുക്കാൻ ഇയാൾക്ക് സാധിച്ചിരുന്നില്ല. സംഭവത്തിൽ രവീന്ദ്രന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസും ജീവനക്കാരെയും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A scooter rider sustained severe injuries after being hit by a private bus involved in a reckless race near the Elamkulam metro station in Ernakulam. Following the accident, the bus crew transported the victim, identified as K.P. Raveendran from Kumbalam, to the Tripunithura Taluk Hospital instead of a nearby medical facility. The crew abandoned him at the hospital after taking an outpatient ticket and fled the scene. Ernakulam police have launched an investigation based on CCTV footage to identify the private bus and apprehend the crew members involved.