ആരോഗ്യവകുപ്പിന്റെയും ആശുപത്രികളുടെയും അലംഭാവത്തിന് മറ്റൊരു ഉദാഹരണമായി പത്തനംതിട്ട കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ വീഴ്ച. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പതിനാറുകാരിക്കാണ് ആശുപത്രി അധികൃതര്‍ 88 വയസ്സുകാരിയുടെ എക്‌സ്‌റേ മാറി നല്‍കിയത്. ഇത് തിരിച്ചറിയാതെ ഡോക്ടര്‍ പെണ്‍കുട്ടിക്ക് നട്ടെല്ലിന് വളവുണ്ടെന്ന് വിധി എഴുതുകയും മരുന്ന് കുറിച്ചു നല്‍കുകയും ചെയ്തു. Also Read: അഞ്ചു വയസുകാരിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിതാവ്; പിന്നാലെ ജീവനൊടുക്കി; ദാരുണം
കഴിഞ്ഞ 14-ാം തീയതിയാണ് കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തുടര്‍നടപടികളുടെ ഭാഗമായി റേഡിയോളജി വിഭാഗത്തില്‍ നിന്ന് എക്‌സ്‌റേ എടുക്കുകയും ചെയ്തു. എന്നാല്‍ റേഡിയോളജിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധ കാരണം പെണ്‍കുട്ടിക്ക് പകരം ലഭിച്ചത് 88 വയസുകാരിയുടെ എക്‌സ്‌റേ ആയിരുന്നു.
തുടര്‍ന്ന് ഈ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍, പെണ്‍കുട്ടിക്ക് നട്ടെല്ലിന് വളവുള്ളതായി കണ്ടെത്തുകയും ഇതേത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്കാണെന്ന് തെറ്റിധരിച്ച് മരുന്നുകള്‍ കുറിച്ചു നല്‍കുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ചികിത്സയ്ക്കായി മൂന്നു ദിവസത്തിനുശേഷം ശ്വാസകോശ പരിശോധനയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴാണ് എക്‌സ്‌റേ മാറിപ്പോയ വിവരം കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അവിടെയുള്ള ഡോക്ടര്‍മാര്‍ എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും എക്‌സ്‌റേയിലെ പൊരുത്തക്കേടുകളും വ്യക്തമായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിന്നീട് കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി. സൂപ്രണ്ട് റേഡിയോളജിസ്റ്റിനോട് വിശദീകരണം തേടി.