മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റിലെ പദ്ധതികളെ പ്രശംസിച്ച് മോഹന്‍ലാലും പൃഥ്വിരാജും. കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളും സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനവും സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുമെന്ന് മോഹന്‍ലാല്‍ കുറിച്ചു. 

'പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ  സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി,' എന്നും മോഹന്‍ലാല്‍ കുറിച്ചു. 

സർക്കാരിന്റെ പ്രഖ്യാപനം സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. മലയാളസിനിമയുടെ സൃഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നു. 

ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 

ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചിരുന്നു. ഇതിനായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. നിമയ്ക്ക് വ്യവസായ പദവി നൽകുന്നതും അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറസ് സെൽ രൂപീകരിക്കൽ, ദേശീയ-അന്തർദേശീയ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയും സിനിമ മേഖലയുടെ സമഗ്ര വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Malayalam cinema is set for a comprehensive development with new budget initiatives lauded by actors Mohanlal and Prithviraj. The government's commitment to treating cinema as an industry and establishing a Film City will bring new hope and growth to filmmakers.