പരസ്യമായി ചുംബിച്ച ടിക് ടോക് താരങ്ങളോട് ഉടൻ വിവാഹിതരാകാൻ ഉത്തരവിട്ട് കോടതി. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന വടക്കൻ നൈജീരിയയിലെ പ്രമുഖ നഗരമായ കാനോയിലാണ് സംഭവം. ടിക് ടോക് സെലിബ്രിറ്റികളായ രണ്ടു പേർ പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്ലാമിക കോടതി ഈ വിചിത്ര ഉത്തരവിറക്കിയത്.
ഇദ്രിസ് മായ് വോഷിരിയും ബസിറ യാർ ഗൗഡ എന്ന യുവതിയും ചുംബിക്കുന്ന വിഡിയോ ആണ് പ്രചരിക്കപ്പെട്ടത്. ബസിറ യാർ ഗൗഡയെ ഇദ്രിസ് കെട്ടിപ്പിടിക്കുന്നതിന്‍റെയും ഇരുവരും കാറിൽ ഒരുമിച്ച് സഞ്ചരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ടായിരുന്നു. ഇതിനെതിരെ നൈജീരിയയില്‍ പ്രതിഷേധങ്ങളും ഉയര്‍ന്നു.
തുടർന്ന് വിഷയത്തിൽ ഇടപെട്ട കോടതി, അറുപത് ദിവസത്തിനുള്ളിൽ കുടുംബങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകണം എന്ന് ഉത്തരവിട്ടു. ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് ഈ വിഡിയോ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉത്തരവ് തിങ്കളാഴ്ചയാണ് വന്നതെങ്കിലും ചൊവ്വാഴ്ചയാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നൈജീരിയന്‍ പൊലീസായ ഹിസ്ബയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹാസ്യ വിഡിയോകളിലൂടെ ശ്രദ്ധേയനായ ഇദ്രിസ് മായ് വുഷിര്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ബസിറയുടെ കുടുംബം അയൽ സംസ്ഥാനമായ സംഫാറയിൽ നിന്നുള്ളവരാണ്. വിവാഹത്തിന് ഇവരുടെ സമ്മതം തേടിയിട്ടുണ്ട്. ഇദ്രിസിന്‍റെ കുടുംബം ഇതിനോടകം സമ്മതം അറിയിച്ചു.