മലയാളത്തിന്‍റെ പ്രിയനടൻ കലാഭവൻ മണിയുടെ വലിയൊരു ആഗ്രഹം കൂടി സഫലമായി. മണി ഏറെ ആഗ്രഹിച്ചതുപോലെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി. ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കി പ്രാക്ടീസ് തുടങ്ങുന്ന വിവരം മണിയുടെ സഹോദരനും കലാകാരനുമായ ആർ.എൽ.വി. രാമകൃഷ്ണനാണ് പങ്കുവെച്ചത്. പാവപ്പെട്ടവരുടെ ഡോക്ടറാകണമെന്ന അച്ഛന്‍റെ ആഗ്രഹം മകൾ നിറവേറ്റിയതിൽ കുടുംബം വലിയ സന്തോഷത്തിലാണ്.
എറണാകുളത്തെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് ശ്രീലക്ഷ്മി ബിരുദം നേടിയത്. നിലവിൽ ചാലക്കുടിയിലെ വീട്ടിൽ അമ്മ നിമ്മിക്കൊപ്പമാണ് ശ്രീലക്ഷ്മി താമസം. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു ആശുപത്രി തുടങ്ങണമെന്നതും മകളെ ഡോക്ടറായി കാണണമെന്നതും മണിയുടെ വലിയ സ്വപ്നങ്ങളായിരുന്നു.
'അദ്ദേഹത്തെ മനസില്‍ വിചാരിച്ച് ഒട്ടും പതറാതെ ആ ആഗ്രഹങ്ങൾക്കൊപ്പം ഞങ്ങൾ യാത്ര ചെയ്യുകയാണ്,' എന്ന് രാമകൃഷ്ണൻ പറഞ്ഞു. രാമകൃഷ്ണനെ പിഎച്ച്ഡി എടുക്കാനും അധ്യാപകനാകാനും സഹായിച്ചതും മണിയുടെ പിന്തുണയായിരുന്നു. മണിയുടെ ആഗ്രഹം മകള്‍ സാധിച്ചു കൊടുത്തല്ലോ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, മണിയുടെ ആഗ്രഹം പോലെതന്നെ പാവപ്പെട്ടവരുടെ ഡോക്ടറായി മകള്‍ മാറട്ടെ എന്നുള്ള കമന്‍റുകളും നിരവധിയാണ്.