രാജസ്ഥാൻ ജഡ്ജിയുടെ ഭാര്യയെ ട്രെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി. അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി രാജ്‍കുമാര്‍ ചൗഹാന്‍റെ ഭാര്യ ഉഷാ ചൗഹാനാണ് മരിച്ചത്. കച്ചിഗുഡ - ഭഗത് കി കോത്തി എക്സ്പ്രസ്സിൽ (17606) ബുധനാഴ്ചയായിരുന്നു സംഭവം.
ജോധ്പൂരിൽ നിന്ന് നിംബഹേരയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഉഷ. ഇരുവരും ഒരേ ട്രെയിനിലായിരുന്നെങ്കിലും വെവ്വേറെ കോച്ചുകളിലായിരുന്നു സീറ്റുകൾ. ട്രെയിൻ നിംബഹേര സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് താൻ ശുചിമുറിയിൽ പോകുകയാണെന്ന് ഉഷ ഭർത്താവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ട്രെയിൻ സ്റ്റേഷനിലെത്തി ജഡ്ജി പ്ലാറ്റ്‌ഫോമിൽ കാത്തുനിന്നിട്ടും ഭാര്യ പുറത്തിറങ്ങിയില്ല. തുടർന്ന് അദ്ദേഹം ജി.ആർ.പിയെ വിവരം അറിയിക്കുകയായിരുന്നു. ജിആർപി സംഘം ആദ്യം നിംബഹേര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉഷ ചൗഹാൻ ട്രെയിനിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഫോൺ ട്രെയിനിനുള്ളിൽ തന്നെയുണ്ടെന്ന് വ്യക്തമായി. തുടർന്ന് രത്ലം ജില്ലയിലെ ജാവോറ സ്റ്റേഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ ഒരു ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ഉഷയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം വിട്ടുനൽകി.