കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് നൂറ്റാണ്ടുകളായി നിലകൊണ്ടിരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പൈതൃക ഗോപുരം ഒടുവിൽ നിലംപൊത്തി. ഇന്നലെ രാവിലെ 11.10-ഓടെയാണ് സ്റ്റേഷന്റെ തെക്കൻ ഗോപുരം തകർന്നുവീണത്. 

ദക്ഷിണേന്ത്യൻ റെയിൽവേ ചരിത്രത്തിലെ നിർണായക അധ്യായമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. 1888-ലാണ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ചാലിയാറിനും കല്ലായിപ്പുഴയ്ക്കും കുറുകെ ഇരുമ്പുപാലങ്ങൾ നിർമ്മിച്ച ശേഷമാണ് റെയിൽപാത കോഴിക്കോട്ടേക്ക് നീണ്ടത്. അതേ കാലഘട്ടത്തിലാണ് രണ്ട് വലിയ ഗോപുരങ്ങളും രണ്ട് ചെറിയ ഗോപുരങ്ങളും ഉൾപ്പെട്ട പൈതൃക സ്റ്റേഷൻ കെട്ടിടം നിർമ്മിക്കപ്പെട്ടത്.

കേരളത്തിലെ ആദ്യ റെയിൽപാത 1861-ൽ ബേപ്പൂർ–തിരൂർ പാതയായി നിലവിൽ വന്നെങ്കിലും, പിന്നീട് കോഴിക്കോട്ടേക്ക് റെയിൽ എത്തിയതോടെയാണ് ഈ സ്റ്റേഷൻ മലബാറിന്റെ പ്രധാന കവാടമായി മാറിയത്. മദ്രാസ് സംസ്ഥാനത്തിന്റെ ഏറ്റവും പടിഞ്ഞാറൻ റെയിൽവേ സ്റ്റേഷനെന്ന പ്രത്യേകതയും കോഴിക്കോടിനുണ്ടായിരുന്നു.

ഈ ഗോപുരങ്ങൾ വെറും അലങ്കാര നിർമാണങ്ങളായിരുന്നില്ല. ആവിയും പുകയും പുറന്തള്ളുന്ന ട്രെയിനുകൾ ദൂരെനിന്ന് നിരീക്ഷിക്കാനുള്ള സംവിധാനമായിരുന്നു ഇവ. ഗോപുരത്തിനുള്ളിലെ കോണിപ്പടിയിലൂടെ മുകളിലെത്തി ട്രെയിനിന്റെ പുക കണ്ടാൽ ജീവനക്കാർ ബെല്ലടിച്ച് സ്റ്റേഷനെ സജ്ജമാക്കുന്ന പതിവായിരുന്നു അന്നുണ്ടായിരുന്നത്.

ചരിത്രത്തിന്റെ മറ്റൊരു യാദൃശ്ചികതയും ഈ ഗോപുരത്തിനുണ്ട്. 1980 ജൂലൈ ഒൻപതിന് വടക്കൻ ഗോപുരത്തിൽ മിന്നലേറ്റ് വിള്ളൽ വീണിരുന്നു. 46 വർഷങ്ങൾക്ക് ശേഷം അതേ ജൂലൈ ഒൻപതിനാണ് തെക്കൻ ഗോപുരം തകർന്നുവീണതും. അന്ന് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പിന്നീട് കാര്യമായ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ലെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. സ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ക്ലോക്ക് ടവറും ഈ പൈതൃക സമുച്ചയത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് കാലത്ത് സ്ഥാപിച്ച വലിയ ക്ലോക്ക് വർഷങ്ങളോളം യാത്രക്കാർക്ക് സമയം അറിയിച്ച ചരിത്രസാക്ഷിയായിരുന്നു. 

നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഗോപുരം കെട്ടിടം എന്നതിലുപരി കോഴിക്കോട് റെയിൽവേയുടെ ചരിത്രവും ബ്രിട്ടീഷ് കാലഘട്ടത്തിന്റെ നിർമാണ പാരമ്പര്യവും സാക്ഷ്യപ്പെടുത്തിയിരുന്ന പൈതൃക സ്മാരകം കൂടിയായിരുന്നു.

ENGLISH SUMMARY:

The historic southern heritage tower of the Kozhikode Railway Station, which stood as a symbol of Malabar's rich railway history for over a century, has collapsed. Built in 1888 when the railway line was extended to Kozhikode, these towers were originally used by staff to monitor the steam and smoke of distant approaching trains to ring the station bell. In a shocking historical coincidence, the northern tower was damaged by lightning on July 9, 1980, and exactly 46 years later on the very same date (July 9), the southern tower collapsed. Lack of proper conservation over the years is cited as a reason for the deterioration of this iconic British-era monument, which also housed the famous station clock tower.