പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളുകളായി മിമിക്രി വേദികളിൽ നിന്ന് വിട്ടുനില്‍ക്കുന്ന താരമാണ് ഉല്ലാസ് പന്തളം. ഇപ്പോഴിതാ, വീണ്ടും വേദികളിലേക്ക് മടങ്ങിവരാനുള്ള പരിശ്രമത്തിനിടെ സാമ്പത്തിക പ്രതിസന്ധി കാരണം ഫിസിയോതെറപ്പി മുടങ്ങിയെന്ന് വെളിപ്പെടുത്തി താരം. അവതാരക ലക്ഷ്മി നക്ഷത്രയുടെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉല്ലാസ് പന്തളം.
ഉല്ലാസിന്‍റെ വാക്കുകളിങ്ങനെ, ആദ്യത്തെ അവസ്ഥയില്‍ നിന്ന് നല്ല മാറ്റമുണ്ട്. ചികില്‍സയുടെ ഭാഗമായി ഇപ്പോള്‍ ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്. ഒന്നരവര്‍ഷം കൂടി അത് ചെയ്താല്‍ പഴയ രീതിയിലേക്ക് ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ കൈയൊക്കെ പൊക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ കാലിന് അത്ര പ്രശ്നമില്ല. എന്നാൽ കാൽമുട്ടിനും നടുവിനുമൊക്കെ നല്ല വേദനയാണ്. കുറേ നേരം ഇരുന്നു കഴിഞ്ഞാല്‍ എഴുന്നേൽക്കുമ്പോള്‍ നന്നായി വേദനിക്കും. ഈ സീസണില്‍ സ്റ്റേജില്‍ പ്രോഗ്രാം ചെയ്യാന്‍ കേറണമെന്നാണ് ആഗ്രഹം.
ഫിസിയോതെറാപ്പി എല്ലാ ദിവസവും ചെയ്യണം. ഇടയ്ക്ക് അത് നിന്നു പോയി, വൈകാതെ വീണ്ടും തുടങ്ങണം. ഡോക്ടർമാർ പറയുന്നത് തെറാപ്പി മുടക്കരുതെന്നാണ്. തെറപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറണമെങ്കിൽ സ്ഥിരവരുമാനം വേണമെന്നും അതിനുള്ള ഒരു പ്ലാനാണ് മനസിലുള്ളതെന്നും താരം പറഞ്ഞു. അസുഖം വന്നതിന് ശേഷം തുടങ്ങിയ 'മുന്തിരിപ്പന്തൽ' എന്ന ഹോട്ടൽ ഇത്തിരി ഉള്ളിലേക്ക് ആയതിനാല്‍ എല്ലാവര്‍ക്കും എത്തിപ്പെടാന്‍ സാധിക്കുന്നില്ലെന്നും അത് അവിടെ നിന്ന് മാറ്റി എംസി റോഡ് സൈഡിൽ തുടങ്ങണമെന്നാണ് മനസിലെ ആഗ്രഹം. എന്റെ നിലവിലെ പ്രശ്നങ്ങൾക്കെല്ലാം അതൊരു പരിഹാരമായി തീരുമെങ്കിൽ അതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉല്ലാസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഉല്ലാസിന് പക്ഷാഘാതം ഉണ്ടായത്. തുടര്‍ന്ന് ശരീരത്തിന്‍റെ ഇടതുഭാഗം ഭാഗികമായി തളർന്നുപോയതോടെ കലാരംഗത്ത് സജീവമായിരുന്ന ഉല്ലാസ് പെട്ടെന്ന് വേദികളിൽ നിന്ന് അപ്രത്യക്ഷനായി. അസുഖം വന്ന് വേദികൾ നഷ്ടപ്പെട്ടപ്പോൾ, 'മുന്തിരിപ്പന്തൽ' എന്ന ഹോട്ടലാണ് ഉല്ലാസിന് താങ്ങായത്. ഒപ്പം ചില സുഹൃത്തുക്കളും സുമനസ്സുകളും സഹായിച്ചു.