AI Image

കാലാവധി കഴിഞ്ഞ ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് വിറ്റതിന് റീട്ടെയിൽ സ്റ്റോറിന് ഉപഭോക്തൃ കമ്മിഷൻ പിഴ ചുമത്തി. ഹിമാചൽ പ്രദേശിലാണ് സംഭവം. 2026 ഫെബ്രുവരി 26-നാണ് കേസിനാസ്പദമായ സംഭവം. ജുഗൽ കിഷോർ എന്നൊരാൾ തന്‍റെ മകൾക്കായി സ്പൈസി കൊറിയൻ ഇൻസ്റ്റന്‍റ്  നൂഡിൽസ് വാങ്ങി. അത് ഉണ്ടാക്കി കഴിച്ചതിനു പിന്നാലെ കുട്ടിക്ക് ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. പാക്കറ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് 2025 നവംബറിൽ തന്നെ കാലാവധി അവസാനിച്ച ഉൽപന്നമാണ് തനിക്ക് ലഭിച്ചതെന്ന് മനസിലായത്. തുടര്‍ന്നാണ് നിയമനടപടികള്‍ ആരംഭിച്ചത്.

സംഭവത്തില്‍ റീട്ടെയിലര്‍മാര്‍ സ്വീകരിച്ച നടപടി ഏവരെയും അദ്ഭുതപ്പെടുത്തി. സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്‍റെ കാലാവധി എത്ര ദിവസമുണ്ടെന്ന് പരിശോധിക്കേണ്ടത് വാങ്ങുന്നവര്‍ തന്നെയാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അവര്‍ വാദിച്ചു. എന്നാൽ, ഉപഭോക്തൃ കമ്മീഷൻ ഈ വാദത്തെ പൂർണമായും തള്ളിക്കളഞ്ഞു. സാധാരണ ഉപഭോക്താക്കൾക്ക് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഓരോ പാക്കറ്റിലെയും ചെറിയ അക്ഷരങ്ങളിലുള്ള തീയതികൾ തിരഞ്ഞുപിടിച്ച് പരിശോധിക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി, 'വാങ്ങുന്നയാൾ ശ്രദ്ധിക്കുക' എന്ന പഴയ തത്വത്തിന് പകരം, വിൽക്കുന്നയാൾ ഉത്തരവാദിത്തം കാണിക്കണം എന്ന രീതിയാണ് ഇവിടെ ബാധകമെന്ന് കമ്മിഷൻ വ്യക്തമാക്കി. കാലഹരണപ്പെട്ട ഒരു ഭക്ഷ്യവസ്തു വിൽക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന്‍റെ സുരക്ഷാ അവകാശത്തെ നേരിട്ട് ലംഘിക്കുന്നുവെന്ന് കമ്മീഷൻ വിധിച്ചു. 

ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അനാസ്ഥ കാട്ടാൻ പാടില്ലെന്നും, റീട്ടെയിലർമാരാണ് ഇത്തരം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ പൂർണ ഉത്തരവാദിത്തം വഹിക്കേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, നൂഡിൽസിന്റെ വില തിരികെ നൽകാനും, കുടുംബത്തിനുണ്ടായ മാനസിക പ്രയാസത്തിന് 15,000 രൂപയും, നിയമനടപടികൾക്കായി 5,000 രൂപയും ഉൾപ്പെടെ ആകെ 20,000 രൂപ നഷ്ടപരിഹാരമായി നൽകാൻ റീട്ടെയിൽ സ്റ്റോറിനോട് ഉത്തരവിടുകയും ചെയ്തു. 

ENGLISH SUMMARY:

The Consumer Disputes Redressal Commission in Himachal Pradesh fined a retail store ₹20,000 for selling expired instant noodles. The incident occurred on February 26, 2026, when a customer named Jugal Kishore bought Spicy Korean Instant Noodles for his daughter, who fell ill and vomited after consuming it. Upon checking, the packet's expiry date was found to be November 2025. The retailer argued that checking the expiry date is the buyer's responsibility. However, the Commission rejected this defense, stating that it is the seller's responsibility to ensure food safety under the Consumer Protection Act, 2019. The court ordered the store to refund the product's price and pay ₹15,000 for mental agony and ₹5,000 for litigation expenses.