പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 ജീവന്‍ നഷ്ടമായതിന് ഇന്ത്യ ഏതുനിമിഷവും തിരിച്ചടിച്ചേക്കാമെന്ന ഭീതിയില്‍ പാക്കിസ്ഥാന്‍. ഇതോടെ പാക്കിസ്ഥാനില്‍ കഴിയുന്ന ലഷ്കര്‍– ജമാഅത്ത് ഉദ്ധാവ തലവന്‍ ഹാഫിസ് സയീദിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യാക്രമണം ഉടനടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പാക് രഹസ്യാന്വേഷണ ഏജന്‍സിയും സര്‍ക്കാരും ഹാഫിസ് സയീദിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പ് മുന്‍ കമാന്‍ഡോയ്ക്കാണ് ഹാഫിസിന്‍റെ സുരക്ഷാച്ചുമതലയെന്നും അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ഹാഫിസ് പാര്‍ക്കുന്ന വസതിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഹോറിലെ മൊഹല്ല ജോഹറിലും സുരക്ഷ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മോസ്കിനും മദ്രസയ്ക്കും തൊട്ടടുത്ത് സാധാരണക്കാരുടെ വീടിനോട് ചേര്‍ന്നാണ് ഹാഫിസിനെ പാക് സര്‍ക്കാര്‍ പാര്‍പ്പിച്ചിരിക്കുന്നത്. Also Read: 'പുതിയ ബാബറി മോസ്കിന് അയോധ്യയില്‍ ആദ്യ കല്ല് പാക് സൈനികര്‍ വയ്ക്കും'; പ്രകോപനവുമായി പാക് സെനറ്റര്‍
ഹാഫിസ് മുഹമ്മദിനെ തടവിലാക്കിയിരിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍റെ വാദം. എന്നാല്‍ ഹാഫിസിന്‍റെ വീട് താല്‍കാലികമായി ജയില്‍ പോലെയാക്കിയുണ്ടെന്ന് മാത്രമേയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹാഫിസിന്‍റെ വീട്ടിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സദാ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. Read More: അങ്കലാപ്പില്‍ പാക്കിസ്ഥാന്‍; പാക് അധീന കശ്മീരിലേക്കുള്ള ഫ്ലൈറ്റുകള്‍ നിര്‍ത്തി
77കാരനായ ലഷ്കര്‍ തലവന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുകയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെയും സൂത്രധാരന്‍ ഹാഫിസ് സയീദ് ആയിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് പാക് സര്‍ക്കാര്‍ ഹാഫിസ് സയീദിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 46 വര്‍ഷമാണ് ശിക്ഷ. 2022 ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ ഓര്‍ഡറില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് 31 വര്‍ഷം ശിക്ഷ വിധിച്ചതായി വ്യക്തമാക്കുന്നു. സമാന കേസില്‍ 2020ലാണ് സയീദിന് 15 വര്‍ഷം ശിക്ഷ വിധിച്ചത്.
ജയിലിലാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിനാലിലേറെ തവണയാണ് ഹാഫിസ് സയീദ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കനത്തസുരക്ഷാവലയത്തില്‍ ഹാഫിസ് പുറത്തിറങ്ങി. മുന്‍ എസ്എസ്ജി കമാന്‍ഡോകളടക്കം സുരക്ഷാസംഘത്തിലുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍, പാക് അധീന കശ്മീരില്‍ എല്ലാം ഹാഫിസ് നിത്യ സന്ദര്‍ശകന്‍ ആണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലെ ലഷ്കര്‍ വിഭാഗത്തിന്‍റെ പേര് ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഹാഫിസ് പരിഷ്കരിച്ചിരുന്നു. ഇവരാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്തത്. അതിനിടെ ഹാഫിസ് സയീദിനെ വകവരുത്തുമെന്നും പഹല്‍ഗാമില്‍ വീണ ചോരയ്ക്ക് പകരം ചോദിക്കുമെന്നും ലോറന്‍സ് ബിഷ്ണോയ് സംഘം പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ബിഷ്ണോയ് ഭീഷണി മുഴക്കിയത്.