india-pakistan-war-conflict

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി. വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമാണെന്ന് അവകാശപ്പെടുന്ന ആചാര്യ റീന ശർമ്മയാണ് വിവാദ പ്രവചനവുമായി രംഗത്തെത്തിയത്. 2026 മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് ഇവരുടെ വാദം. റീനയുടെ ഈ പ്രവചനത്തിന്‍റെ വിഡിയോ സോഷ്യലിടത്ത് സജീവ ചര്‍ച്ചയാകുകയാണ്. 

ഇറാനിലെ സംഘർഷങ്ങൾക്ക് ശേഷം ഇനി പാകിസ്ഥാന്‍റെ ഊഴമാണെന്നും റംസാൻ കഴിഞ്ഞ് നവരാത്രി തുടങ്ങുന്നതോടെ യുദ്ധം ആരംഭിക്കുമെന്നും റീന വിഡിയോയിൽ ഇവർ പറയുന്നു. യുദ്ധത്തിന് മുന്നോടിയായി ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, പണം, സോളാർ ചാർജർ എന്നിവ ഒരു മാസത്തേക്ക് കരുതണമെന്നും റീന കാഴ്ചക്കാരോട് ഉപദേശിക്കുന്നുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയുടെയും ഗ്രഹനിലകൾ വിശകലനം ചെയ്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്നും ഇവർ അവകാശപ്പെട്ടു. അർദ്ധരാത്രിയിലാകും ഇന്ത്യ ഇതിനായി തയ്യാറെടുക്കുകയെന്നും അതിർത്തികൾ മാറ്റിയെഴുതപ്പെടുമെന്നും വിഡിയോയിൽ പറയുന്നു. എന്നാൽ വിഡിയോ പുറത്തുവന്നതോടെ ജ്യോതിഷിക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വൈറലാകാൻ വേണ്ടി ജനങ്ങൾക്കിടയിൽ ഭീതി പടർത്തുകയാണെന്നും ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും നിരവധി പേർ കമന്റ് ചെയ്തു. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കാതെ ക്രിയാത്മകമായി എന്തെങ്കിലും പറയാൻ ശ്രമിക്കണമെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ആളുകള്‍ കമന്‍റുകളിട്ടു. 

അതിനിടെ, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ വീണ്ടും പാക്കിസ്ഥാനോട് യുദ്ധം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക് പാര്‍ലമെന്‍റിന്‍റെ ജോയിന്‍റ് സിറ്റിങിനിടെയാണ് സര്‍ദാരി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. യുദ്ധത്തിലേക്ക് നീങ്ങുകയല്ല വേണ്ടതെന്നും, സമാധാന ചര്‍ച്ചകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' ഇന്ത്യയോട് എനിക്ക് ഒന്നേ പറയാനുള്ളൂ, യുദ്ധ നാടകത്തില്‍ നിന്ന് പിന്‍മാറി അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തയാറാവണം. രാജ്യങ്ങളുടെ സുരക്ഷയ്ക്ക് അതുമാത്രമാണ് യഥാര്‍ഥ പോംവഴി' എന്നായിരുന്നു സര്‍ദാരിയുടെ വാക്കുകള്‍.

ENGLISH SUMMARY:

Self-proclaimed Vedic astrologer Acharya Reena Sharma has sparked controversy by predicting an India-Pakistan war on March 21, 2026. Social media users slammed her for spreading fear and panic amid global tensions.