Image: Screengrab from x.com/sidhant
അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടരുന്നതിനൊപ്പം ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി പാക്കിസ്ഥാന്‍. പുതിയ ബാബറി മോസ്കിനുള്ള ആദ്യ ഇഷ്ടിക പാക് സൈനികര്‍ അയോധ്യയില്‍ പാകുമെന്നാണ് പ്രകോപനം. പാക് സെനറ്ററായ പല്‍വാഷ മുഹമ്മദ് സായ്ഖാനാണ് പാക്കിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രകോപന പ്രസംഗം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് പ്രകോപന പ്രസംഗങ്ങള്‍ ഉയരുന്നത്. പല്‍വാഷയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
'പുതിയ ബാബറി മോസ്കിന്‍റെ ആദ്യ ഇഷ്ടിക പാക്കിസ്ഥാന്‍ പട്ടാളം പാകും. അവിടെ നിന്നുള്ള ആദ്യ ബാങ്കുവിളി പട്ടാളമേധാവിയായ അസിം മുനീറിന്‍റേതാകും'- എന്നായിരുന്നു ചൊവ്വാഴ്ച പല്‍വാഷയുടെ പ്രസംഗം. തങ്ങളുടെ കയ്യില്‍ വളകളല്ല ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധമുണ്ടായാല്‍ സിഖുകാര്‍ പാക്കിസ്ഥാനെ ആക്രമിക്കില്ലെന്നും അത്തരത്തില്‍ ധാരണയുണ്ടെന്നും പല്‍വാഷ അവകാശപ്പെട്ടു. 'ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നതെങ്കില്‍ ഒരു കാര്യം മനസിലാക്കണം, സിഖ് സൈനികര്‍ പാക്കിസ്ഥാനെതിരെ പോരാടില്ല. പാക്കിസ്ഥാന്‍ അവരുടെ ഗുരു നാനാകിന്‍റെ നാടാണ്' എന്നും പല്‍വാഷ അവകാശവാദം തുടരുന്നു.
ഇതാദ്യമായല്ല പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയ്ക്കെതിരെ കടുത്ത പ്രകോപന പ്രസംഗങ്ങള്‍ നടത്തുന്നത്. ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയും പ്രകോപന പ്രസംഗം നടത്തിയിരുന്നു. സിന്ധു നദി പാക്കിന്‍റേതാണെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ഒന്നെങ്കില്‍ അതിലൂടെ വെള്ളമൊഴുകും അല്ലെങ്കില്‍ ഇന്ത്യക്കാരുടെ ചോരയൊഴുകും എന്നുമായിരുന്നു ബിലാവലിന്‍റെ വാക്കുകള്‍. പാക്കിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനെ ദൗര്‍ബല്യമായി കാണരുതെന്നും മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും എക്സില്‍ കുറിച്ചു. വേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്‍റെ മുന്നറിയിപ്പ്.
അതിനിടെ പാക്കിസ്ഥാനെതിരെ നിലപാടും നടപടികളും കടുപ്പിച്ച് ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാത വിലക്കി. ഇതോടെ തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ചൈനയുടെ വ്യോമപാതയോ ശ്രീലങ്കന്‍ വ്യോമപാതയോ ഉപയോഗിക്കേണ്ടി വരും. ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇത് പാക് സമ്പദ്വ്യവസ്ഥയ്ക്ക് വരുത്തിവയ്ക്കുക. വിമാനയാത്രാ നിരക്ക് വര്‍ധിക്കുന്നതിനൊപ്പം യാത്രാസമയവും ഇരട്ടിയോളമാകും. പഹല്‍ഹാമിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് സ്ഥിരീകരിച്ചതിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാതയും നിഷേധിച്ചിരുന്നു.