army-dog-tyson

TOPICS COVERED

കരസേനയുടെ ‘അസോള്‍ട്ട് ഡോഗ്’’ ടൈസന്‍ സുഖം പ്രാപിക്കുന്നതായി സൈന്യം. കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ടൈസന് പരുക്കേറ്റത്. വെടിയേറ്റ് കാലിലാണ് പരുക്ക്. ത്രാഷി – 1 എന്ന സൈനിക ദൗത്യത്തില്‍ ടൈസന്‍റെ പങ്ക് നിര്‍ണായകമായിരുന്നു. കരസേനയുടെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളെ ഭീകരരുടെ ഒളിയിടത്തിലേക്ക് എത്തിച്ചത് ടൈസണാണ്. പരുക്കേറ്റെങ്കിലും ടൈസന്‍ ആവേശത്തിലാണെന്നും സുഖം പ്രാപിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോര്‍പ്സ് അറിയിച്ചു. 

പരുക്കേറ്റിട്ടും ടൈസന്‍ ദൗത്യം തുടര്‍ന്നുവെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ടൈസന്‍റെ ഇടപെടല്‍ മൂലമാണ് സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ഉള്‍പ്പെട്ട സംയുക്ത സേനയ്ക്ക് മൂന്ന് പാക് ഭീകരരെ വധിക്കാന്‍ സാധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ടൈസന്‍ പോരാളിയാണ്. എല്ലാ അര്‍ഥത്തിലും ഒരു സൈനികന്‍. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടം തുടരുമെന്നും സൈന്യത്തിന്‍റ പോസ്റ്റ്. 

ജനുവരിയിലാണ് ഓപ്പറേഷന്‍ ത്രാഷി – 1 ആരംഭിച്ചത്. കിഷ്ത്വാര്‍ കേന്ദ്രീകരിച്ചുള്ള ആറ് പാക് ഭീകരരെ തിരിച്ചറിഞ്ഞ് വധിക്കുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരി നാലിന് ബസന്ത്ഗഡിലെ ജോഫർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അതേ ദിവസം തന്നെ, കിഷ്ത്വാറിലെ ദിച്ചാറിൽ മറ്റൊരു ഭീകരനെയും സൈന്യം വധിച്ചു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെക്കൂടെയാണ്സൈന്യം വധിച്ചത്. മുതിര്‍ന്ന ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സെയ്ഫുള്ളയും സൈന്യം വധിച്ച ഭീകരരില്‍ ഉള്‍പ്പെടുന്നു. 

ENGLISH SUMMARY:

Army dog Tyson is recovering well after being injured during a counter-terrorism operation in Jammu and Kashmir. The brave canine played a crucial role in Operation Thrashi-1, helping security forces neutralize three terrorists.