Hubballi: Jammu and Kashmir Chief Minister Omar Abdullah poses with players during the felicitation ceremony after the team's victory in the Ranji Trophy 2025-26 final cricket match against Karnataka, at KSCA Stadium, in Hubballi, Karnataka, Saturday, Feb. 28, 2026. (PTI Photo/Shailendra Bhojak)(PTI02_28_2026_000217B)
നീണ്ട 67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് രഞ്ജി ട്രോഫിയില്‍ ജമ്മുകശ്മീരിന്‍റെ മുത്തം. കര്‍ണാടകയെ ഫൈനലില്‍ സമനിലയില്‍ പിടിച്ചാണ് ജമ്മുകശ്മീരിന്‍റെ കിരീടനേട്ടം. സ്കോര്‍ ജമ്മുകശ്മീര്‍ : ഒന്നാം ഇന്നിങ്സ്- 584 ഓള്‍ഔട്ട്, രണ്ടാം ഇന്നിങ്സ് 4 ന് 324. കര്‍ണാടക ഒന്നാം ഇന്നിങ്സ് 293 റണ്‍സിന് ഓള്‍ ഔട്ട്.
477 റണ്‍സ് ലീഡുമായാണ് അഞ്ചാംദിനമായ ഇന്ന് ജമ്മു കശ്മീര്‍ ബാറ്റിങ് പുനരാരംഭിച്ചത്. ഓപ്പണര്‍ കമ്രാന്‍ ഇഖ്ബാലും സഹില്‍ ലോത്രയും സെഞ്ചറി നേടിയതോടെ കര്‍ണാടക അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിച്ചു. ഒടുവില്‍ സമനിലയ്ക്ക് കര്‍ണാടക ക്യാപ്റ്റന്‍ ദേവദത്ത് പടിക്കല്‍ ജമ്മുകശ്മീര്‍ നായകന്‍ പരസ് ദ്രോഗ്രയ്ക്ക് കൈ കൊടുത്തു.
തങ്കലിപികളാല്‍ ഈ കിരീടനേട്ടം ജമ്മുകശ്മീരിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. ടോസ് നേടിയത് മുതല്‍ അവസാന ദിനം വരെ സമഗ്രാധിപത്യമാണ് ജമ്മുകശ്മീര്‍ ഹുബ്ബള്ളിയില്‍ പുലര്‍ത്തിയത്. മായങ്ക് അഗര്‍വാള്‍ മാത്രമാണ് കര്‍ണാടകയ്ക്കായി പൊരുതിയത്. താരംപുറത്തായതോടെ കര്‍ണാടക പത്തിതാഴ്ത്തി.
ജമ്മു ഉയര്‍ത്തിയ പടുകൂറ്റന്‍ സ്കോര്‍ പിന്തുടരാന്‍ ശ്രമിച്ച കര്‍ണാടകയെ തുടക്കത്തിലെ പേസര്‍ അക്വിബ് നബി തച്ചുടച്ചു. അഞ്ചു വിക്കറ്റാണ് താരം പിഴുതത്. അതികായന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലായിരുന്നു ഇത്തവണ ജമ്മു കശ്മീര്‍ ഉളഅപ്പെട്ടത്. ഗ്രൂപ്പ് റൗണ്ടില്‍ 24 പോയിന്‍റോടെ രണ്ടാം സ്ഥാനക്കാരായി പരസും ചുണക്കുട്ടികളും നോക്കൗട്ടില്‍ കടന്നു. മധ്യപ്രദേശിനെ തോല്‍പ്പിച്ച് സെമിയില്‍ കടന്നു. പിന്നീട് ബംഗാളിനെയും തറപറ്റിച്ച് ഫൈനലിലേക്ക്. കരുത്തരായ കര്‍ണാടകയെ ഞെട്ടിച്ചാണ് ജമ്മു കശ്മീരിന്‍റെ കന്നിക്കിരീട നേട്ടം.