രഞ്ജി ട്രോഫി ഫൈനലില്‍ ജമ്മു കശ്മീര്‍ കര്‍ണാടകയെ നേരിടാന്‍ ഒരുങ്ങുന്നതിന്റെ തലേന്ന് ഏതൊരു കശ്മീരിയെയും പോലെ കലാശപ്പോരാട്ടം കാണാനുള്ള ഒരുക്കത്തിലായിരുന്നു കമ്രാന്‍ ഇഖ്ബാല്‍. രാത്രി ഒൻപതുമണിവരെ വരെ കമ്രാന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു ആ കിരീടപ്പോരാട്ടം തനിക്കുകൂടി വിധിച്ചിട്ടുള്ളതാണെന്ന്. ഒന്‍പതരയോടെ ഒരു ഫോണ്‍കോള്‍ എത്തുംവരെ....ടീമിലെ ഒന്നാം നമ്പർ ഓപ്പണർ ശുഭം ഖജൂരിയയ്ക്ക് പരുക്കേറ്റതിനാൽ മത്സരത്തിനില്ല, ഉടൻ ബാഗ് പാക്ക് ചെയ്ത് പുറപ്പെടണം എന്ന് ഫോണ്‍കോളിന്റെ മറുതലയ്ക്കല്‍ നിന്ന് കേള്‍ക്കേണ്ട താമസം കമ്രാന്‍ ഇറങ്ങിത്തിരിച്ചു. ആ യാത്ര അവസാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ആഭ്യന്തര കിരീടത്തിലും.
രാത്രി 11.30ന് ശ്രീനഗറിൽ നിന്ന് വിമാനം കയറിയ താരം, മുംബൈയിലെ നാലുമണിക്കൂർ ഇടവേളയ്ക്കു ശേഷം രാവിലെ 7.35ന് ഹുബ്ബള്ളിയിൽ വിമാനമിറങ്ങി. എട്ടേകാലിന് ഗ്രൗണ്ടിലെത്തുമ്പോൾ സഹതാരങ്ങൾ പരിശീലനം തുടങ്ങിക്കഴിഞ്ഞിരുന്നു. 12 മണിക്കൂർ മുൻപ് ശ്രീനഗറിലെ രണ്ട് ഡിഗ്രി തണുപ്പിൽ പുതച്ചുമൂടിയിരുന്ന കമ്രാൻ, മണിക്കൂറുകൾക്കിപ്പുറം ഹുബ്ബള്ളിയിലെ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ പ്രസിദ്ധ് കൃഷ്ണയെയും കൂട്ടരെയും നേരിടാൻ പാഡണിഞ്ഞു. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന് പുറത്തായപ്പോൾ ഇതിനാണോ ഓടിക്കിതച്ച് കശ്മീരില്‍ നിന്ന് ഇവിടെവരെ വന്നതെന്ന് സംശയിച്ചുകാണണം കമ്രാന്‍.
എന്നാല്‍ മല്‍സരത്തിന്റെ നാലാം ദിനം കമ്രാനെ തേടി വീണ്ടുമൊരു അവസരമെത്തി. 291 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡുമായി കശ്മീര്‍ നില്‍ക്കുമ്പോള്‍ കിരീടം ഏറക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 32 എന്ന നിലയില്‍ തകര്‍ച്ച. എത്ര വലിയ വിജയലക്ഷ്യമായാലും അതു പിന്തുടരാനായി ജമ്മു കശ്മീരിനെ ചെറിയ സ്കോറിൽ ഒതുക്കുക എന്നതു മാത്രമായിരുന്നു കർണാടകയുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി. ഇതിനിടെ, ഒരു മനോഹരമായ പന്ത് അവസാന നിമിഷം പുറത്തേക്ക് തിരിഞ്ഞ് ഇഖ്ബാലിന്റെ ഓഫ് സ്റ്റംപിൽ തൊട്ടുരുമ്മി കടന്നുപോയി. എന്നാൽ, കര്‍ണാടക ഫീല്‍ഡര്‍മാരെ അമ്പരപ്പിച്ചുകൊണ്ട് ബെയ്‌ൽസ് താഴെ വീണില്ല.
ഭാഗ്യത്തിന്റെ അകമ്പടിയോടെ തുടങ്ങിയ കുതിപ്പ് ഖമ്രാന്‍ ഇക്ബാല്‍ അവസാനിപ്പിച്ചത് രഞ്ജി കിരീടം സ്വന്തമാക്കിയാണ്. ക്യാപ്റ്റന്‍ പരാസ് ദോഗ്ര അഞ്ചാം ദിനം ഇന്നിങ്സ് ഡിക്ലയര്‍ െചയ്യുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ 311 പന്തില്‍ മൂന്ന് സിക്സറും 16 ഫോറും ഉള്‍പ്പടെ 160 റണ്‍സുമായി കമ്രാന്‍ ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആറുനാള്‍ മുമ്പ് കശ്മിരിലെ മഞ്ഞില്‍ നിന്ന് ഹുബ്ബള്ളിയിലെ തീച്ചൂടിലേക്ക് എത്തിയത്, കിരീടനേട്ടം എന്ന നിയോഗം പൂര്‍ത്തിയാക്കാനാണ് എന്നോണം...