ജമ്മു കശ്മീരും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരം കാണാൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കർണാടകയിലെ ഹുബ്ബള്ളിയിലെത്തി. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിലെ ചില മുതിർന്ന നേതാക്കളും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെ ജമ്മു കശ്മീരിന് കിരീടം കയ്യെത്തും ദൂരത്താണ്. ഒരു ദിവസം മാത്രം ശേഷിക്കെ കശ്മീരിന്റെ ലീഡ് 430 റണ്‍സ് പിന്നിട്ടു. മല്‍സരം സമനിലയിലേക്കെന്ന് ഉറപ്പായതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കശ്മീര്‍ കിരീടം നേടും.
ഫൈനലില്‍ ഒന്‍പതാം കിരീടം ലക്ഷ്യമിട്ടെത്തിയ കര്‍ണാടകയെ കശ്മീര്‍ ബാറ്റിങ്ങ് നിര ഞെട്ടിച്ചുകളഞ്ഞു. 584 റണ്‍സാണ് കശ്മീര്‍ നേടിയത്. ശുഭം പണ്ഡിര്‍ 121 റണ്‍സും ക്യാപ്റ്റന്‍ പരാസ് ഡോഗ്രാ 70 റണ്‍സും നേടി. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക 293 റണ്‍സിന് പുറത്തായി. കശ്മീര്‍ പേസര്‍ അക്വിബ് നബി 5 വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് അക്വിബിന്‍റെ അഞ്ചുവിക്കറ്റ് പ്രകടനം. ക്വാര്‍ട്ടറിലും സെമിയിലും അക്വിബ് അഞ്ചുവിക്കറ്റ് പ്രകടനം നടത്തിയിരുന്നു. 57 റണ്‍സെടുക്കുന്നതിനിടെ നാലുവിക്കറ്റ് നഷ്ടമായ കര്‍ണാടകയെ മായങ്ക് അഗര്‍വാളിന്‍റെ സെഞ്ചുറിയാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 160 റണ്‍സില്‍ അഗര്‍വാള്‍ പുറത്തായതോടെ 293 കര്‍ണാടകയുടെ പോരാട്ടം അവസാനിച്ചു.
സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ വമ്പൻ ടീമുകളെ മറികടന്നാണ് ജമ്മു കശ്മീർ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ക്വാര്‍ട്ടറില്‍ മധ്യപ്രദേശിനെയും സെമിയില്‍ ബംഗാളിനെയുമാണ് കശ്മീര്‍ അട്ടിമറിച്ചത്. മുംബൈ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ ഏഴുമല്‍സരങ്ങളില്‍ മൂന്നുജയവും മൂന്നുസമനിലയുമായി കശ്മീര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.