മുഖ്യമന്ത്രിയെക്കൊണ്ട് മാപ്പുപറയിക്കാന്‍ എംഎം ഹസ്സൻ

മണിയാശാന്‍ മറ്റേപ്പരിപാടിക്ക് വന്നതാണ്. മറ്റേപ്പരിപാടി എന്നുവച്ചാല്‍ എന്തോ യോഗമോ മറ്റോ. വൈദ്യതിയാണ് വിഷയം. പക്ഷെ ചെന്നത്തലയും കുമ്മനവും പാരപണിയാനായി തന്നെയാണ് വണ്ടികയറിയത്. അത് ലക്ഷ്യം കണ്ടുതുടങ്ങിയിട്ടുമുണ്ട്. പക്ഷെ, നമ്മുടെ സ്വന്തം സര്‍ക്കാരിന്റെ ഓഫീസില്‍ ഈ ചെന്നിത്തല കയറിയിറങ്ങുന്നത് കുമ്മനത്തിന് അത്ര പിടിച്ചിട്ടില്ല. അല്ലെങ്കിലും ചില കാര്യങ്ങളില്‍ കീരീം പാമ്പും തന്നെയാണ് ഇരുവരും.

നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല ഇതുവരെ. പക്ഷെ, കുമ്മനത്തിന് ഒരുകാര്യം വ്യക്തമായി അറിയാം. നഷ്ടം ഭീകരമാണ്. അവസരം നോക്കിയിരുന്നിട്ട് കാര്യമില്ല. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് പരമാവധി ചെയ്യിപ്പിക്കണം. കേരളം ഭരിക്കാന്‍ മുട്ടിനില്‍ക്കുന്ന കൂട്ടരാണ്. കേന്ദ്രസംഘത്തെയും വിളിച്ചുകൊണ്ട് കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് കുമ്മനം. എല്ലാവര്‍ക്കും കൈനിറയെ കിട്ടും. സന്തോഷിച്ചാട്ടെ. 

പ്രധാനമന്ത്രിയെപ്പോലെ താല്‍പര്യമുള്ള മറ്റൊരാള്‍ എം എം ഹസ്സനാണ്. ആദരണീയനായ കെപിസിസി പ്രസിഡന്റ് എന്നുപറഞ്ഞാല്‍ എളുപ്പത്തില്‍ മനസ്സിലാകും. അങ്ങനെവിളിക്കുന്നതാണ് ഇഷ്ടവും. ഹസ്സന്‍റെ താല്‍പര്യം ഇപ്പോള്‍ മാധ്യമങ്ങളോടാണ്. മാധ്യമങ്ങളെ ആത്മപരിശോധന നടത്തിക്കാനിറങ്ങിയ പിണറായിയെ മലര്‍ത്തിയടിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഒളിച്ചുകളി തന്നോട് വേണ്ട എന്നാണ് മുന്നറിയിപ്പ്. 

കര്‍മപരിപാടിയില്‍‍ മുഖ്യം മുഖ്യമന്ത്രിയെക്കൊണ്ട് മാപ്പ് പറയിക്കലാണ്. ഹസ്സന്‍ജിയുടെ വെല്ലുവിളി കണ്ടാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ടീവി കാണുന്നവര്‍ക്കുപോലും ആവേശം തോന്നും. ഹസ്സനെപ്പോലെ ജനകീയനും ക്രൗഡ് പുള്ളറുമായ ഒരു നേതാവിനെ മഷിയിട്ട് നോക്കണം കോണ്‍ഗ്രസില്‍. എന്നാലും കിട്ടില്ല.