ആഭ്യന്തര മന്ത്രി ( റിട്ടയേഡ് )

തലസ്ഥാനത്ത് പൊരിഞ്ഞയടിയാണ്. രാപ്പകല്‍സമരത്തിനുശേഷം തലസ്ഥാനത്തെ ഇത്രയധികം മുള്‍മുനയില്‍നിര്‍ത്തിയ മറ്റ് ആഘോഷപരിപാടികളുണ്ടായിട്ടില്ല. ബിജെപിയും സിപിഎമ്മുമാണ് സംഘാടകര്‍. നാടന്‍ അടിമുതല്‍ കത്തികുത്ത് വരെയുള്ള പല ഐറ്റങ്ങളുമുണ്ട്. പൊലീസുകാരൊഴികെ, സംഗതി അറിഞ്ഞവരെല്ലാം ഉല്‍സാഹക്കമ്മിറ്റികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. ആരാണ് ഭരിക്കുന്നതെന്ന് ഒരുനിമിഷം മറന്നുപോയ കോടിയേരി ബാലകൃഷ്ണനാണ് പെട്ടുപോയത്. പൊലീസിന് വീഴ്ച പറ്റിയുണ്ടോയെന്നാണ് കോടിയേരിയുടെ സംശയം. നല്ല സമയത്തായിപ്പോയി വല്ലാത്തൊരു സംശയം. 

പിണറായിപ്പൊലീസിനുനേരെ കോടിയേരി മാത്രമാണെങ്കില്‍ പോട്ടെ എന്നുവയ്ക്കാം. തലസ്ഥാനത്തെ ചുണക്കുട്ടികളായ മന്ത്രി കടകംപള്ളിയും തോറ്റ എംഎല്‍എ വി. ശിവന്‍കുട്ടിയും വരെ വടിയെടുത്തുകളഞ്ഞു. പൊലീസിനൊക്കൊണ്ട് ഒരുചുക്കും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പിണറായിയുടെ മൂക്കിന്‍തുമ്പത്തിരുന്നാണ് ഇരുവരും പറഞ്ഞത്. തീര്‍ന്നില്ല, ഒന്നും മിണ്ടാതിരുന്ന വൈക്കം വിശ്വനും വാ തുറന്നു. പൊലീസ് പോരെന്നാണ് അദ്ദേഹത്തിന്റേയും കണ്ടെത്തല്‍. പിണറായി പാടുപെടും.