എരിഞ്ഞടങ്ങി കോടിയേരി; വിങ്ങിപ്പൊട്ടി പിണറായി; കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് നേതൃത്വം  നൽകിയത് മുഖ്യമന്ത്രിയും പ്രമുഖ നേതാക്കളും. പതിനായിരങ്ങൾ ആണ് വിലാപയാത്രയിൽ അന്ത്യഞ്ജലിയുമായി ഒപ്പം ചേർന്നത്. വീട്ടിലും സിപിഎം ജില്ലാ കമ്മറ്റി ഓഫിസിലും നടന്ന പൊതുദർശനത്തിലും ആദരാഞ്ജലികൾ അർപ്പിക്കാൻ ആയിരങ്ങൾ എത്തി. 

പ്രിയ സഖാവിനു വിളപ്ലവാഭിവാദ്യങ്ങൾ നേർന്നുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു മുതിർന്ന നേതാക്കളും തുറന്ന ആംബുലൻസിനൊപ്പം അനുഗമിച്ചത്. ആംബുലൻസ് മുന്നിൽ.വിങ്ങിപ്പൊട്ടിയ മനസുമായി തൊട്ടുപുറകിൽ  നേതാക്കൾ.  ആദരാജ്ഞലി അർപ്പിക്കാൻ വഴിയരികിൽ ആയിരങ്ങൾ. അന്ത്യഞ്ജലി അർപ്പിച്ചു മടങ്ങുകയല്ല ഇവർ ചെയ്തത്. ഓരോരുത്തരായി വിലാപയാത്രയെ അനുഗമിച്ചതോടെ അതൊരു ജനസാഗരമായി മാറി.

മൂന്ന് കിലോമീറ്റർ പിന്നിട്ട് പയ്യാമ്പലം ബീച്ച്ലേക്ക്. പ്രധാന നേതാക്കൾ അകത്തേക്ക് പോയതോടെ അച്ചടക്കത്തോടെ പ്രവർത്തകർ ആകാശത്തെക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. അന്തിമോപചാരം അർപ്പിച്ചു.

അണമുറിയത്ത പ്രവഹമായിരുന്നു മൃതദേഹം പൊതുദർശനത്തിന് വച്ച സിപിഎം ജില്ലാ കമ്മറ്റി ഓഫിസിൽ. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആളുകൾ അന്ത്യഞ്ജലി അർപ്പിച്ചു.  അവസാനമായി ഒരു നോക്ക് കാണാൻ രാവിലെ വീട്ടിൽ എത്തിയവരും നിരവധി. വികാരനിർഭരമായാണ്  ജന്മനാടായ തലശേരി, കോടിയേരി എന്ന ജനകീയ നേതാവിനെ യാത്രയാക്കിയത്.