കേരളത്തിലെ സമാനതകളില്ലാത്ത തോല്‍വിയെക്കുറിച്ചുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖ ഇപ്പോള്‍ പൊതുസമക്ഷമുണ്ട്. പാര്‍ട്ടി വെബ്സൈറ്റില്‍ ലഭ്യമാണ്. എടുത്തുവായിക്കണം. ഇരുപത് പേജേയുള്ളു. അതില്‍ പത്തുപേജാണ് കേരളത്തെക്കുറിച്ച്. ഭരണത്തിലിരുന്ന ഒരു സര്‍ക്കാരും പാര്‍ട്ടിയും അതിദയനീയമായി തോറ്റുപോകാന്‍ ഇത്രയും കാരണങ്ങളോ എന്നോര്‍ത്ത് അന്തംവിട്ടുപോകും. അത്ര സ്വയംവിമര്ശനപരമാണ് രേഖ. തൊട്ടതെല്ലാം പൊന്നായി എന്ന് പറയാറില്ലേ. ഇവിടെ തൊട്ടതെല്ലാം കുളമായി അഥവാ സര്‍ക്കാരും പാര്‍ട്ടിയും കേഡറുകളും ചേര്‍ന്ന് കുളമാക്കി എന്ന് വിശദമായി എഴുതിവച്ചിരിക്കുകയാണ്. അതപ്പടി ജനസമക്ഷം വച്ച പാര്‍ട്ടി തീരുമാനം ധീരം, മാതൃകാപരം. കോണ്‍ഗ്രസ് നയിച്ച പ്രതിപക്ഷത്തിന്റെ പ്രചാരണരീതിയും ബിജെപിയുടെ രാഷ്ട്രീയവും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തമസ്കരിച്ച ഒരു വിഭാഗം മാധ്യമങ്ങളും എന്നൊക്കെയും കാരണങ്ങളില്‍ കാണാമെങ്കിലും സിംഹഭാഗവും സ്വയംകൃതാനര്ഥമെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. തോല്‍വിക്ക് രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ കാരണങ്ങളുണ്ട്. അതെല്ലാം പോയിട്ട് ചെറിയളവില് പറയാന്‍പോലും ഈ ഇന്‍ട്രോ മതിയാകില്ല. ഒരു കാര്യം അടിവരയിട്ടുപറയുന്നു പാര്‍ട്ടി രേഖ പാര്‍ട്ടിക്കാരോട്, ഈ തോല്‍വി മുന്‍കാലങ്ങളിലെ ഒരു തോല്‍വിയുമായും താരതമ്യം ചെയ്യാനാകാത്ത വിധം വലുതാണ്. അപ്പോള്‍ ഇടപെടാതെയും തിരുത്താതെയും തോല്‍വി ചോദിച്ചുവാങ്ങിയതോ രണ്ടാം പിണറായി സര്‍ക്കാരും പാര്‍ട്ടിയും?