ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭത്തിനിടെ ഡൽഹി പൊലീസ് ഡ്രോണുകളും സിസിടിവികളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും (FRT) ഉപയോഗിച്ച് നടത്തിയ അനധികൃത ബയോമെട്രിക് നിരീക്ഷണത്തിനെതിരെ സുപ്രീം കോടതിയിൽ ആർട്ടിക്കിൾ 32 പ്രകാരം ഹർജി സമർപ്പിച്ചുവെന്ന് ഇടത് എംപി എഎ റഹിം. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് പൊലീസിന്റെ ഈ നടപടി. ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കുന്ന പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും മുഖവിവരങ്ങളും മറ്റ് ബയോമെട്രിക് ഡാറ്റയും ശേഖരിച്ച് ക്രിമിനൽ ഡാറ്റാബേസുകളിലേക്ക് മാറ്റാൻ ഡൽഹിപൊലീസിന് യാതൊരു നിയമപരമായ അധികാരവുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'തങ്ങളുടെ പ്രവർത്തനങ്ങൾക്ക് യാതൊരു നിയമപരമായ അടിത്തറയുമില്ലെന്നും, 'പ്രൈവസി ഇംപാക്റ്റ് അസസ്‌മെന്റ്' നടത്തിയിട്ടില്ലെന്നും, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം കാണാതായവരെ കണ്ടെത്താനും മൃതദേഹങ്ങൾ തിരിച്ചറിയാനും മാത്രമുള്ളതാണെന്നും ഡൽഹി പൊലീസിന്റെ തന്നെ വിവരാവകാശ പ്രകാരമുള്ള മറുപടി വ്യക്തമാക്കുന്നു. ഡൽഹി പൊലീസ് സ്റ്റാൻഡിംഗ് ഓർഡറോ, ക്രിമിനൽ പ്രൊസീജർ (ഐഡന്റിഫിക്കേഷൻ) ആക്‌ട് 2022-ഓ പ്രതിഷേധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്നില്ല.
സുപ്രീം കോടതിയുടെ ചരിത്രപരമായ കെ.എസ്പുട്ടസ്വാമി കേസ് വിധിയിലെ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്.
ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങൾ കേവലം സ്വകാര്യതാ ലംഘനം മാത്രമല്ല, സാങ്കേതികവിദ്യയിലെ പിഴവുകൾ കാരണം ഉണ്ടാകുന്ന 'ഫോൾസ് പോസിറ്റീവ് മാച്ചുകൾ' വഴി കേസിൽ യാതൊരു ബന്ധവുമില്ലാത്ത നിരപരാധികൾ പ്രതിചേർക്കപ്പെടാനും ഇടയാക്കും.
'ഇക്ഷണ' മൊബൈൽ കമാൻഡ് വാഹനങ്ങൾ, 'അജ്ഞ ലെൻസ്' സ്മാർട്ട് കണ്ണടകൾ, 'അഭിജ്ഞാൻ' മൊബൈൽ ആപ്പ് എന്നിവയിലൂടെ തത്സമയം വ്യക്തിവിവരങ്ങൾ ശേഖരിക്കുകയായിരുന്നു. സ്വകാര്യ കമ്പനികളായ ആദിത്യ ഇൻഫോടെക്, ഡൈമൻഷൻ NXG എന്നിവയുടെ സഹായത്തോടെയാണ് ഇവ പ്രവർത്തിപ്പിച്ചത്. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് എത്തുന്നതിലൂടെ അവ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതയടക്കം നിലനിൽക്കുന്നതോടൊപ്പം തന്നെ രാജ്യത്തെ പൗരന്മാരുടെ വ്യക്തിസുരക്ഷയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ജനകീയ പ്രക്ഷോഭങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടതില്ല. പ്രതിഷേധ സ്ഥലങ്ങളിൽ ഉപയോഗിച്ച ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും വിശദാംശങ്ങൾ അധികാരികൾ പരസ്യപ്പെടുത്തണമെന്നും ഈ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും, പാർലമെന്റ് വ്യക്തമായ നിയമം നിർമ്മിക്കുന്നത് വരെ ബയോമെട്രിക് നിരീക്ഷണം പൂർണ്ണമായും തടയണമെന്നും, സ്വകാര്യ ഏജൻസികളുടെ പക്കലുള്ള ഡാറ്റകൾ നശിപ്പിക്കണമെന്നും ഹർജിയിലൂടെ ബഹുമാനപ്പെട്ട സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. '– അദ്ദേഹം വ്യക്തമാക്കി.