സമീപകാലത്ത് കോടതിയില്‍നിന്ന് ഇടത് സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു നവകേരള സര്‍വേ റദ്ദാക്കിയ ഉത്തരവ്. സര്‍ക്കാരിന്‍റെ സര്‍വേ എന്ന പേരില്‍ നടത്തിവന്നിരുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയപ്രചാരണമാണെന്ന് കോടതി സംശയത്തിനിടയില്ലാത്തവിധം കണ്ടെത്തി. പാര്‍ട്ടി സെക്രട്ടറിയുടെ കത്തും, ഇന്നും ഇന്നലെയുമായി മനോരമ ന്യൂസ് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ പ്രസംഗഭാഗങ്ങളും വ്യക്തമാക്കുന്നത് സര്‍വേയുടെ രാഷ്ട്രീയ ലക്ഷ്യമാണ്. എന്നാല്‍, ഭരണഘടനാപരമായി സർക്കാരിന്റെ അധികാരത്തിൽ കടന്നു കയറുന്നതാണ് ഹൈക്കോടതി വിധി എന്നതാണ് സർക്കാർ വാദം. ഇക്കാര്യമുയര്‍ത്തി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് 20 കോടിയെടുത്ത് രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിച്ച സര്‍ക്കാര്‍ വീണ്ടും നികുതിപ്പണം ചെലവാക്കി സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിനിറങ്ങുന്നു. എല്ലാ തെളിവുകളോടെയും സര്‍വേ നാടകം പൊളിഞ്ഞിട്ടും സര്‍ക്കാര്‍ പിന്മാറാത്തത് എന്തുകൊണ്ടാണ്? സര്‍വേയ്ക്ക് എന്ന പേരില്‍ ചിലവാക്കിയ പണം സിപിഎം, ഖജനാവിലേക്ക് തിരിച്ചടയ്ക്കണോ? രാഷ്ട്രീയലക്ഷ്യത്തിനായി ജനങ്ങളുടെ നികുതിപ്പണം ചെലവാക്കുന്നത് അധികാരദുര്‍വിനിയോഗമല്ലേ?