പേടിപ്പിച്ച് തുടങ്ങിയ ഓഗസ്റ്റാണ്. മഴയിനിയും വരാനുണ്ട്. ഒറ്റക്കെട്ടായി കേരളം നേരിടണം, പ്രതിരോധിക്കണം. പേടിപ്പിച്ചെത്തിയ ആദ്യമഴയില്‍ കയറിയ വെള്ളംതന്നെ ഇറങ്ങുന്നതേയുള്ളു. വെള്ളമിറങ്ങിയാലും ഇറങ്ങാതെ ബാക്കിയായ രണ്ട് കാര്യങ്ങളാണ് ഇന്ന് ചര്‍ച്ചയില്‍. ഒന്ന്. കേരളം മഴക്കെടുതിയായ പകല്‍ നമ്മുടെ മുഖ്യമന്ത്രി കഴിച്ച ഭക്ഷണം. രണ്ട് ഇന്നലെവരെയെതിര്‍ത്ത ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി നടത്തിയ യാത്ര.
ഒന്നാമത്തേതില്‍ ശരിക്കും എന്താണ് പ്രശ്നം? താന്‍ അല്‍പം ഭക്ഷണം കഴിച്ചു എന്നതാണോ പ്രശ്നമെന്ന് വിഡി സതീശന്‍ ഇന്ന് ചോദിച്ചു. മുതിര്‍ന്ന സഹപ്രവര്‍ത്തകനെ കാണാന്‍ പോയപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ തയാറാക്കിയ ഭക്ഷണം അദ്ദേഹം കഴിച്ചു. അതിലെന്താണ് തെറ്റ് എന്ന ചോദ്യം ശരിയാണ്.
പക്ഷെ പൊന്നാനിയാകെ മഴക്കെടുതിയില്‍ നില്‍ക്കെ തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് നല്ലൊരു വിരുന്ന് നല്‍കി അതപ്പോള്‍ത്തന്നെ ദൃശ്യങ്ങളായി പ്രചരിപ്പിച്ചവര്‍ ചെയ്തത് തെറ്റ് അല്ലെങ്കിലും അനുചിതമാണ്. നാടാകെ ആശങ്കപ്പെട്ടുനില്ക്കുമ്പോള്‍ മുഖ്യമന്ത്രി വിരുന്നിലാണ് എന്ന തോന്നലുണ്ടാക്കാന്‍, അതുവഴി പ്രതിപക്ഷത്തിനൊരു ആയുധം കൊടുക്കാന്‍ അതുകൊണ്ടായി. രണ്ടാമത്തെ പ്രശ്നം ഹെലികോപ്റ്റര്‍ യാത്രയാണ്.
ശരിയാണ് മുന്‍സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടതാണ്. ഈ സര്‍ക്കാര്‍ അഞ്ചുപൈസ കൊടുക്കേണ്ടതില്ല. സെപ്റ്റംബര്‍ വരെ കരാറുണ്ട്. പോയത് സ്വകാര്യ ആവശ്യത്തിനല്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ചെന്നൈയില്‍നിന്ന് വന്ന ഇന്‍വെസ്റ്റര്‍മാരെ പെട്ടെന്ന് കാണേണ്ടതുകൊണ്ടാണ് ഹെലികോപ്റ്ററില്‍ പോയത് എന്നും വിഡി സതീശന്‍.
അത്രയും പറഞ്ഞ മുഖ്യമന്ത്രി ആരാണ് അടിയന്തരമായി പോയി കാണേണ്ട ആ ഇന്‍വെസ്റ്റര്‍ എന്നുപക്ഷെ പറഞ്ഞില്ല, പറയില്ല. അത് ശരിയാണോ? മുഖ്യമന്ത്രിയുടെ സ്വകാര്യ ആവശ്യത്തിനല്ല പോയത്, നാടിന്റെ താല്‍പര്യത്തിലാണെങ്കില്‍ അത് നിങ്ങളോട് പറയേണ്ട എന്നത് എന്ത് ശൈലിയാണ്? മറുവശത്ത് നില്‍ക്കുന്നവരും മറുപടി പറയണ്ടേ? സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ദുരുപയോഗിച്ചു എന്ന് പ്രതിപക്ഷത്തിന് പരാതിയുണ്ടോ? പാര്‍ട്ടി സമ്മേളനത്തിനിടെയുള്ള യാത്രയ്ക്കായി അന്നത്തെ മുഖ്യമന്ത്രി ഉപയോഗിച്ച ഹെലികോപ്റ്റര്‍ ആരുടെ ചെലവിലായിരുന്നു എന്ന ആക്ഷേപം മറക്കാറായോ?