rain-holiday

TOPICS COVERED

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  തിങ്കള്‍ വൈകീട്ട് ഏഴ് മണി വരെയുള്ള കണക്കാണിത്. പത്തനംതിട്ട, അലപ്പുഴ, മലപ്പുറം, കോഴിക്കോട്, കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി. ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.  അവധി പ്രഖ്യാപിച്ച ജില്ലകളടക്കം ബാക്കി ഉള്ളവയില്‍ യെല്ലോ അലര്‍ട്ടായിട്ടും മറ്റ് ജില്ലകളില്‍ അവധിയില്ലാത്തതെന്തുകൊണ്ടെന്ന് ചോദ്യമുയരുകയാണ്. നോക്കാം കാലാവസ്ഥാ അവധി മാനദണ്ഡങ്ങള്‍. 

 കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളും പ്രാദേശിക സാഹചര്യങ്ങളും വിലയിരുത്തി അതത് ജില്ലാ കളക്ടർമാരാണ്  ദുരന്തനിവാരണ നിയമപ്രകാരം അവധി പ്രഖ്യാപിക്കുന്നത്. സ്കൂളുകളിലോ കുട്ടികൾ സഞ്ചരിക്കുന്ന റോഡുകളിലോ വെള്ളക്കെട്ട് രൂപപ്പെടുകയോ, നദികൾ കരകവിഞ്ഞൊഴുകുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും അവധി നൽകുന്നത്. 

മലപ്പുറം & കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മലയോര മേഖലകൾ അതിശക്തമായ മഴ പെയ്യുമ്പോൾ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്  എന്നിവയ്ക്ക് സാധ്യതയുള്ള അതീവ ജാഗ്രതാ പ്രദേശങ്ങളാണ്. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയും, പമ്പ പോലെയുള്ള പ്രധാന നദികൾ ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്ക സാധ്യതയും  നിലനിൽക്കുന്നുണ്ട്. ആലപ്പുഴ തീരദേശ-താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ മലയോര ഭീഷണികളില്ല. എന്നാൽ അതിശക്തമായ മഴയിലും കടലാക്രമണത്തിലും വലിയ രീതിയിലുള്ള വെള്ളക്കെട്ടും (Waterlogging) കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. 

 ഈ ജില്ലകളിലെ പല സ്കൂളുകളും നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. കൂടാതെ ഈ ജില്ലകളിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവ കൂടാതെ സംസ്ഥാന വ്യാപകമായി ഒറ്റയടിക്ക് അവധി നൽകുന്നതിന് പകരം, മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. 

ചുരുക്കത്തില്‍ അപകടസാധ്യത കൂടുതലുള്ള ജില്ലകളിലാണ് അവധി കൂടുതല്‍. മുന്‍ കാലത്ത് പ്രദേശങ്ങളില്‍ ഏത്ര മഴ പെയ്തപ്പോളാണ് അപകടമുണ്ടായത് എന്നതും അവധിയില്‍ ബാധകമാകും. 

ജില്ലകളെ കൂടാതെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, ഇരിട്ടി,തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കണ്ണൂരില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Kerala rain holidays have been declared for educational institutions in five districts due to heavy rainfall, with the district collectors making these announcements based on weather advisories and local conditions to ensure student safety. These holidays extend to professional colleges and tuition centers, though university examinations remain unaffected, highlighting a focus on risk-prone areas.