ഒരു ലക്ഷത്തി 58000 ലേറെ വോട്ടര്‍മാരാണ് തിരുവനന്തപുരം നിയമസഭ മണ്ഡലത്തില്‍ ഇക്കുറിയുണ്ടായിരുന്നത്. അതില്‍ ഒരുലക്ഷത്തിന് ഇരുപതിനായിരം പേര്‍ വോട്ടുചെയ്തു. കേരളത്തിന്റെയൊരു പൊതുസ്വഭാവംപോലെ വനിതകളാകും വോട്ടര്‍മാരില്‍ മുന്നില്‍. അതില്‍ ഗണ്യമായളവ് വനിതകളുടെകൂടി വോട്ടുവാങ്ങി ജയിച്ച് മന്ത്രിയായ ഒരാള്‍ പറഞ്ഞതാണ് ഈ കേട്ടത്. പണക്കാരന്‍ പാവപ്പെട്ടവനായി അഭിനയിക്കുകയാണത്രേ. ബസിന് കാശില്ലാത്ത സ്ത്രീ ഫീസ് കൊടുക്കേണ്ട സ്വകാര്യസ്കൂളിലേക്ക് കുട്ടിയെ അയയ്ക്കുന്നത് മന്ത്രിയെ അതിശയിപ്പിക്കുന്നുവത്രേ. കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറുകയാണത്രേ. അസുഖം വന്നാല്‍ പക്ഷെ സ്വകാര്യ ആശുപത്രിയില്‍ പോകില്ല. കാരണം അവിടെ കൊടുക്കാന്‍ പൈസയില്ല എന്നതും നമ്മുടെ മന്ത്രിക്ക് അതിശയമാണത്രേ. സി.പി.ജോണ്‍ മിടുക്കനാണ്, വിദഗ്ധനാണ്, ബിഹേവിയറല്‍ സയന്‍സൊക്കെ അറിയുന്ന ആളാണ്. പക്ഷെ വോട്ടുനല്‍കി ജയിപ്പിച്ച മനുഷ്യരെ മനസിലാക്കാന്‍ പറ്റാത്ത ആളാണോ? ലളിതമാണ് കാര്യം. മന്ത്രിപറയുന്ന ഈ തള്ളിക്കയറല്‍ ഇല്ലേ? ആരാണ് മിനിസ്റ്റര്‍ എന്നുമിങ്ങനെ തള്ളിക്കയറി ശ്വാസംപോലും വിടാന്‍ പറ്റാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ആത് ആഗ്രഹമല്ല. ജീവിതാവസ്ഥയാണ്. ആരാണ് ആശുപത്രി വരാന്തയില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നത്? അതും മിനിസ്റ്റര്‍, ആഗ്രഹമല്ല, ജീവിതാവസ്ഥയാണ്. വാക്ക് വിവാദമായപ്പോള്‍ മന്ത്രിക്ക് പ്രശ്നം തോന്നുന്നത് ആ തള്ളിക്കയറലില്‍ മാത്രമാണ്. തിരുത്തുമോ മന്ത്രി? എന്തുദ്ദേശിച്ചത് എന്തായാലും കേട്ടവര്‍ക്കുണ്ടായ അധിക്ഷേപം അംഗീകരിക്കാന്‍ തയാറുണ്ടോ മന്ത്രി? 

ENGLISH SUMMARY:

Thiruvananthapuram constituency, Kerala elections, and ministerial controversy are key topics being discussed following remarks by a minister. This situation highlights issues concerning public transport, healthcare access, and the disconnect between politicians and the realities faced by their constituents.