കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ പ്രിയദര്‍ശിനി സൗജന്യ യാത്ര.. അത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശമാണ് എന്ന് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും.. എന്നിട്ടും എന്തുകൊണ്ടാണ് ഗതാഗതാഗതമന്ത്രി സി.പി.ജോണ്‍ ഇങ്ങനെ പറഞ്ഞത്. പൈസ ഇല്ലാത്ത സ്ത്രീകൾ ട്രാൻസ്പോർട്ട് ബസിൽ തള്ളിക്കയറുന്നു, എന്നാൽ അവരുടെ കുട്ടികളെ വലിയ ഫീസ് കൊടുത്ത് സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നു. പറഞ്ഞ വേദിയും പ്രധാനമാണ്. സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന സ്വകാര്യ ബസ് ഉടമ സംഘടനകളുടെ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇത് പറയുന്നത്.
സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് പറഞ്ഞത് എന്നൊക്കെ പറഞ്ഞ് മന്ത്രിക്ക് തടിതപ്പാന്‍ നോക്കാം. അപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്ന മന്ത്രിയുടെ മനസില്‍ എന്താണ്. തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോള്‍ സൗജന്യയാത്രയെന്ന വമ്പന്‍ പ്രഖ്യാപനവുമായി വോട്ടര്‍മാരെ കയ്യിലെടുത്ത ശേഷം ഇങ്ങനെ പറയുന്നത് ശരിയാണോ? സൗജന്യ യാത്രാ പദ്ധതിയില്‍ മന്ത്രിക്ക് എതിര്‍പ്പുണ്ടോ? ഇങ്ങനെയൊരു പദ്ധതി വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ടോ ഇപ്പോള്‍ ?. സര്‍ക്കാരിന് ബാധ്യതയായി തോന്നിയോ? അതോ സ്വകാര്യ ബസ് ഉടമകളെ ഒന്ന് സുഖിപ്പിക്കാമെന്ന് കരുതി പറഞ്ഞതാണോ?. അതോ യഥാര്‍ഥത്തില്‍ മന്ത്രിയുടെ മനസിലുള്ളത് അറിയാതെ പുറത്തുചാടിയതാണോ?