rahulman-jfif

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗവും നിര്‍ബന്ധിത ഭ്രൂണഹത്യയുമടക്കം ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ട് രണ്ട് ദിവസം പിന്നിടുകയാണ്. യുവതി പരാതി നല്‍കിയ ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് സത്യമേവ ജയതേയെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ശേഷം മുങ്ങിയതാണ് പാലക്കാട് എംഎല്‍എ. 

രാഹുലിന് വേണ്ടി തിരച്ചില്‍ വ്യാപകമാക്കിയെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും, ഇന്നലെ വക്കാലത്ത് ഒപ്പിടാനായി തിരുവനന്തപുരത്തെത്തിയെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെ മനഃപൂര്‍വം അറസ്റ്റ് വൈകിക്കുന്നതാണെന്ന ആരോപണവും ശക്തമാണ്. നിരപരാധിത്വം തെളിയിക്കാനാവശ്യമായ തെളിവുകളെല്ലാം കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നാണ് രാഹുല്‍ അനുകൂലികള്‍ പറയുന്നത്. എന്നാല്‍, പുറത്തുവന്ന ശബ്ദരേഖകളും വാട്സപ് ചാറ്റുകളും തന്‍റേതെന്ന് സമ്മതിക്കുന്നതാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി. 

രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തുകഴിഞ്ഞെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍വിഷയം സജീവമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും പറയുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും ഇന്ന് പറഞ്ഞു. രാഹുലിനെ ഇപ്പോഴും സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് സിപിഎം ആരോപണം. കൗണ്ടര്‍ പോയിന്റ് ചോദിക്കുന്നു. ഒളിവില്‍ ഇനിയും എത്രനാള്‍? 

ENGLISH SUMMARY:

Rahul Mamkootathil is facing serious charges of rape and forced abortion, leading to a police case against the MLA. The controversy is intensifying with accusations and political reactions, while Rahul's whereabouts remain unknown and his anticipatory bail plea awaits consideration.