തിരുവനന്തപുരത്തെ ആര്‍എസ്എസ്– ബിജെപി പ്രവര്‍ത്തകന്‍റെ ആത്മഹത്യയെക്കുറിച്ച് സംസാരിച്ച് മുഴുവിപ്പിക്കും മുന്‍പേ സംസ്ഥാനത്ത് മറ്റൊരു മനുഷ്യന്‍ കൂടി കുറേയെറെ സമാനതകളുള്ള കാരണത്തിന്‍റെ പേരില്‍ ജീവന്‍ വെടിഞ്ഞു. എസ്ഐആര്‍ ചുമതലകളില്‍ വ്യാപൃതമായ ബിഎല്‍ഒ കണ്ണൂര്‍ ഏറ്റുകുടുക്ക അനീഷ് ജോർജാണ് മരിച്ചത്. ആ മരണവുമായി ബന്ധപ്പെട്ട പ്രതികരങ്ങളാണ് തുടക്കത്തില്‍ കേട്ടത്. നാളെ സംസ്ഥാനത്ത് എല്ലാ ബിഎല്‍ഒമാരും ജോലി ബഹിഷ്കരിക്കാന്‍ പോകുന്നു. ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് പൊതുവില്‍ സിപിഎമ്മും കോണ്‍ഗ്രസും. എന്നാല്‍, അതിനപ്പുറം ചില ഗുരുതര രാഷ്ട്രീയ ആരോപണങ്ങളും കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്നു. സിപിഎം ബിഎല്‍ഒ വരാതിരിക്കെ, കോൺഗ്രസ് ബിഎൽഓക്കൊപ്പം എസ്ഐആറിന് വേണ്ടി വീടുകൾ കയറിയതിൽ അനീഷ് ഭീഷണി നേരിട്ടിരുന്നു എന്ന് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ, ബിജെപി കൂടുതല്‍ വെട്ടിലാക്കി തിരുവനന്തപുരത്ത് നിന്ന് മറ്റൊരു ആത്മഹത്യാശ്രമം കൂടി കണ്ടു. പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ആര്‍.എസ്.എസ് നേതാക്കള്‍ വ്യക്തിഹത്യ നടത്തിയെന്ന് കൈഞരമ്പ് മുറിച്ച് ജീവന്‍വെടിയാന്‍ ശ്രമിച്ച മഹിളാ മോര്‍ച്ചാ നേതാവിന്‍റെ വാക്കുകള്‍. രണ്ട് മരണങ്ങളിലും രാഷ്ട്രീയമുണ്ട്, മാനസിക സമ്മര്‍ദമുണ്ട്, ഭീഷണി ആരോപണമുണ്ട്. ഇവിടെ, ആരെല്ലാമാണ് ആ ഭീഷണിക്കാര്‍?