ഒടുവില്‍ ‘വോട്ടുകൊള്ളയില്‍’ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തി. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ഒരു പ്രശ്നം, ഇരട്ടവോട്ട്.. അത് വോട്ടര്‍ പട്ടികയിലുണ്ടെന്ന് കമ്മീഷന്‍ സമ്മതിച്ചു. ബീഹാറിലെ തീവ്ര പരിഷ്കരണം ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി കൂടിയാണെന്ന് ന്യായീകരിച്ചു. രാഹുല്‍ ഉന്നയിച്ച മറ്റൊരു പ്രധാന പ്രശ്നം.. വിട്ടു നമ്പര്‍ ‘0’ എന്ന് അടയാളപ്പെടുത്തുന്നത് അടക്കം തെറ്റായ, സംശയകരമായ വിലാസങ്ങളായിരുന്നു. അതും കമ്മിഷന്‍ സമ്മതിച്ചു. വീട്ടുനമ്പര്‍ ‘0’ ആകുന്നതില്‍ അസ്വാഭാവികതയില്ല, അത് വീടില്ലാത്തവരായിരിക്കാം എന്ന് വിശദീകരിച്ചു. അപ്പോള്‍, രാഹുല്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചേര്‍ത്ത് സമഗ്രമായ ഒരു അന്വേഷണം ആയിക്കൂടെ. നഹീ, അത് പറ്റില്ല,. കാരണം.. ‘സബൂത് നഹീഹെ’.. എന്ന് വച്ചാല്‍..ഒന്നിനും തെളിവില്ല എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ മറുപടി. പിഴവുകള്‍ സമ്മതിക്കേണ്ടി വരുമ്പോഴും അതേ കുറിച്ച് അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കമല്ല. പക്ഷേ, രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഒന്നുകില്‍ അദ്ദേഹം തന്‍റെ പരാതികളില്‍ സത്യപ്രസ്താവന നല്‍കണം, അല്ലെങ്കില്‍ മാപ്പു പറയണം. കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന നിക്ഷപക്ഷ ഭരണഘടന സംവിധനത്തെ രാഹുല്‍ ഗാന്ധി തെറ്റായ ആരോപണം ഉന്നയിച്ച് അപമാനിച്ചു എന്ന്. അപ്പോള്‍, ഇതുപോലെ വോട്ടര്‍പട്ടികയില്‍ അനേകം പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച ബിജെപി നേതാവ് അനുരാഗ് സിങ് ഠാക്കുര്‍ അടക്കമുള്ളവര്‍ സത്യപ്രസ്താവന നല്‍കണോ ? മാപ്പുപറയണോ ? കമ്മീഷന് അങ്ങനെയൊരു ആവശ്യമില്ല, നിര്‍ബന്ധവുമില്ല. കൗണ്ടര്‍ പോയ്ന്‍റ്് ചോദിക്കുന്നു– തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സ്വയം തെളിയിച്ചത് എന്ത് ? ചോദ്യങ്ങള്‍ക്ക് മറുപടിയായോ ?