പടിവാതിലില്‍ ഒരു നിര്‍ണായക ജനവിധി. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാര്‍. തദ്ദേശത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ തോല്‍വി. ശബരിമല സ്വര്‍ണക്കൊള്ള ഓരോ മലയാളിക്കും ഉണ്ടാക്കിയ ഞെട്ടല്‍ തീരാത്ത ഒരു രാഷ്ട്രീയ കാലാവസ്ഥ. അവിടെയാണ് എന്താകും ഈ സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ രൂപം, സ്വഭാവം എന്ന ചോദ്യം പ്രസക്തമായത്. ഉത്തരങ്ങളിങ്ങനെയാണ്. അങ്കണവാടി വര്‍ക്കാര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ആശമാരുടെയും പ്രീപ്രൈമറി അധ്യാപകരുടെയും പാചക തൊഴിലാളിയുടെയും വേതനത്തില്‍ വര്‍ധന. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണ കമ്മിഷന്‍ പ്രഖ്യാപനം, ഡിഎ കുടിശിക ഒരു ഗഡു അടുത്തമാസത്തെ ശമ്പളത്തില്‍ത്തന്നെ, പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങളുടെ ഒരു നിരതന്നെയുണ്ട് മൂന്നുമണിക്കൂറിന് തൊട്ടടുത്തെത്തിയ കെഎന്‍ ബാലഗോപാലിന്റെ ആറാം ബജറ്റ് പ്രസംഗത്തില്‍. വാഹനാപകടത്തില്‍പ്പെട്ടാല്‍ ആദ്യ അഞ്ച് ദിവസം സൗജന്യ ചികില്‍സയെന്ന നൂതന പ്രഖ്യാപനവുമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയാക്കുമെന്ന എല്‍ഡിഎഫ് വാഗ്ദാനം പക്ഷെ അവസാന ബജറ്റിലുമില്ല, റബര്‍ താങ്ങുവിലയിലുമില്ല വാഗ്ദാനം ചെയ്ത വര്‍ധന. വിശ്വാസ്യതയില്ലാത്തത് എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. നടപ്പാകാന്‍ പോകുന്നത് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റാണെന്നും പ്രതിപക്ഷനേതാവ്. എല്‍ഡിഎഫ് 3.0 യ്ക്കുള്ള ചുവടുവയ്പെന്ന് ഭരണപക്ഷം. അപ്പോള്‍ ഈ ബജറ്റ് എല്‍ഡിഎഫിന് വോട്ടുകൊണ്ടുവരുമോ? അടുത്ത ബജറ്റ് ആരുടേതാകും?