പത്തുകൊല്ലത്തെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് തിരഞ്ഞെടുപ്പിനൊരുങ്ങി പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് . ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ സംയുക്ത നേട്ടങ്ങള്‍ അക്കമിട്ട് ധനമന്ത്രി ഇന്നത്തെ ബജറ്റില്‍ നിരത്തി. അടിസ്ഥാന ജനവിഭാഗത്തിന്റെ വോട്ടില്‍ കണ്ണുനട്ട് ബജറ്റില്‍ വാരിക്കോരി പ്രഖ്യാപനം. ആശാ, അങ്കണവാടി, സ്കൂള്‍ പാചക തൊഴിലാളി ഓണറേറിയം വര്‍ധനയും ഓട്ടോറിക്ഷാ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇതിന്റെ ഭാഗം. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിക മാര്‍ച്ചിനകം തീര്‍ക്കും. പുതിയ പെന്ഷന് പദ്ധതിയും ശമ്പളപരിഷ്കരണ കമ്മീഷനും പ്രഖ്യാപിച്ചു. കാരുണ്യയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇന്‍ഷുറന്‍സ്, വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഞ്ച് ദിവസത്തെ സൗജന്യ ചികിത്സയും ഉള്‍പ്പെടേ ജനപ്രിയ പ്രഖ്യാപനങ്ങള്‍ അനവധി. പേരെന്തായാലും കെ–റെയില്‍ വരുമെന്ന് ധനമന്ത്രി. അതേസമയം, ക്ഷേമപെന്‍ഷനിലും റബറിന്റെ താങ്ങുവിലയിലും വര്‍ധനയില്ല...വോട്ടുറപ്പിച്ചുളള ബജറ്റ് ആണോയിത്? ഈ പ്രഖ്യാപനങ്ങള്‍ ഭരണ തുടര്‍ച്ച നല്‍കുമോ?
ആശാസമരത്തെ കണക്കറ്റ് അവഹേളിച്ച സര്‍ക്കാര്‍ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും ഇപ്പോള്‍ ബജറ്റിലും അവരെ വീണ്ടും ഓര്‍ത്തതിന് പിന്നില്‍ എന്താണ്? ജനത്തെ കബളിപ്പിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷം പറയുന്നതിലെ വസ്തുത എന്ത്? എന്തായാലും ബജറ്റ് കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പിന് വെറും ചുരുങ്ങിയ നാളുകള്‍..ആരാകും അടുത്ത ബജറ്റ് അവതരിപ്പിക്കുക?