ഭാഷയാണ്, വാക്കാണ്, പദങ്ങളാണ് പ്രശ്നം. വാവിട്ട വാക്കും ആക്ഷേപങ്ങളുമൊന്നും രാഷ്ട്രീയകേരളത്തിന് പുത്തരിയല്ല, പറഞ്ഞത് തിരുത്തി മാതൃക കാട്ടിയവരുണ്ട്, ഒന്നും തിരുത്താതെ ചരിത്രത്തില്‍ അതേപടി നിലനിര്‍ത്തിയവരുമുണ്ട്. ഇപ്പോഴിതാ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആയുധം സോണിയാ ഗാന്ധിയിലേക്ക് തിരിച്ചുവച്ച് ഒരു വിവാദത്തിന് തുടക്കമിട്ട മന്ത്രി വി.ശിവന്‍കുട്ടി. അതിന് സഭയ്ക്ക് പുറത്ത് മറുപടി കൊടുത്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ഇന്നതിന്‍റെ തുടര്‍ച്ച. പറഞ്ഞത് അല്‍പം കടന്നുപോയെന്ന് സമ്മതിച്ച സതീശന്‍ അത് പിന്‍വലിക്കാമെന്ന് ഒരു ഉപാധി വയ്ക്കുന്നു. ശിവന്‍കുട്ടി പറഞ്ഞത് പിന്‍വലിച്ചാല്‍ താനും പിന്‍വലിക്കാം.
സഭയിലെ വിശദീകരണത്തില്‍ ശിവന്‍കുട്ടിയെ അവന്‍ ഇവനെന്നൊന്നും വിളിച്ചിട്ടില്ലെന്നും സതീശന്‍. സതീശന്‍ ഇന്നലെ പറഞ്ഞതും ഇന്ന് പറഞ്ഞതും ഫെയ്സ്ബുക്കിലിട്ട് ഒരു ഓന്തിന്റെ പടംകൂടി ഇട്ട് ശിവന്‍കുട്ടിയുടെ മറുപടി. അപ്പോള്‍, ആരാണ് പറഞ്ഞത് പിന്‍വലിക്കുക? ആരാണത് ഒരു മാതൃകയാക്കുക? അതോ അതോ അങ്ങനൊരു മാതൃക നമുക്കാവശ്യമില്ല എന്ന് നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ കരുതുന്നുണ്ടോ?