പാര്‍ട്ടിക്കകത്ത് കൊടിയ ഫണ്ട് വെട്ടിപ്പെന്ന്, പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് പറഞ്ഞ് സഹികെട്ടൊരു മുതിര്‍ന്ന സഖാവ് ഒടുവില്‍ നാട് കേള്‍ക്കെ, അണികള്‍ കേള്‍ക്കെ അത് വിളിച്ചുപറഞ്ഞു. നേതാക്കളെ തിരിത്തൂ എന്ന് അഭ്യര്‍ഥിച്ചു. പ്രതീക്ഷിച്ചപോലെ 48 മണിക്കൂറിനകം പാര്‍ട്ടി അയാള്‍ക്കുമേല്‍ അച്ചടക്കവാളോങ്ങി. സംഘടന മുറപ്രകാരം ശിക്ഷവിധിച്ചു. കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം, 50 ആണ് ചെങ്കൊടിയേന്തിയ മുതിര്‍ന്ന സഖാവ്... വി.കുഞ്ഞികൃഷ്ണന്‍ അങ്ങനെ സിപിഎമ്മിന്‍റെ പടിക്ക് പുറത്തായി. ഉന്നയിക്കപ്പെട്ട പ്രശ്നം പരിഹരിച്ചോ എന്ന് ചോദിക്കരുത്, പ്രശ്നം ഉന്നയിക്കുക എന്ന പ്രശ്നം പാര്‍ട്ടി പരിഹരിച്ചിട്ടുണ്ട്. ഒട്ടും കാലതാമസം ഇല്ലാതെ തന്നെ. സ. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങി ക്രമക്കേട് ആരോപിക്കപ്പെട്ട പണപ്പിരുവുകളുടെ കാര്യത്തില്‍, അണികള്‍ക്കിടയില്‍ എങ്കിലും സംശങ്ങള്‍ ദൂരീകരിച്ചോ എന്ന് ചോദിക്കരുത്, അത് ചൂണ്ടിക്കാട്ടിയവന് കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട്. ഇത്രയും നാള്‍ പാര്‍ട്ടിക്ക് അകത്ത് നടത്തിയ പോരാട്ടം, ഇനി പാര്‍ട്ടിക്ക് പുറത്തുനിന്ന് നടത്തും എന്ന് കുഞ്ഞികൃഷ്ണന്‍. ഇതോടെ ഫണ്ട് കണക്ക് ക്ലിയറായോ ? പുറത്താക്കിയാല്‍ തീരുമോ ?