പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ തീരുമാനം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത ഈ കടുത്ത തീരുമാനം നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്ത ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് കുഞ്ഞികൃഷ്ണനെതിരെ നടപടി ഉറപ്പിച്ചത്.
പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപിൽ വിളിച്ചുപറഞ്ഞത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ആരോപണവിധേയനായ ടി.ഐ. മധുസൂദനൻ എംഎൽഎയും യോഗത്തിൽ പങ്കെടുത്തു. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പുണ്ടാക്കിയെന്നും അതിനാൽ പുറത്താക്കൽ അല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
പാർട്ടിയിലെ അഴിമതികളും അപചയങ്ങളും തുറന്നുകാട്ടുന്ന പുസ്തകം എഴുതിയതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഈ പുസ്തകത്തിന്റെ പ്രിന്റ് ഔട്ട് താൻ നേരത്തെ ജില്ലാ സെക്രട്ടറിക്ക് നൽകിയിരുന്നുവെന്ന് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. "ഇതൊരു ബോംബാണ്, ഇത് പ്രസിദ്ധീകരിക്കരുത്" എന്നാണ് സെക്രട്ടറി അന്ന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഈ മാസം 29-ന് തന്നെ പുസ്തകം പുറത്തിറക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
നടപടി പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ കുഞ്ഞികൃഷ്ണൻ തന്റെ നിലപാട് വ്യക്തമാക്കി. "പുറത്താക്കാനുള്ള തീരുമാനം പാർട്ടി നേരത്തെ എടുത്തതാണ്. 50 വർഷമായി പാർട്ടിയിൽ നിൽക്കുന്ന എനിക്ക് ഇതിൽ അത്ഭുതമില്ല." "തെറ്റ് ചെയ്തവർക്ക് സംരക്ഷണം നൽകുകയും അത് ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്ന രീതിയാണിത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പുറത്തുനിന്നും ഈ അപചയങ്ങൾക്കെതിരെ പോരാടും." സിപിഎം വിട്ടാലും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് പോകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പാർട്ടിക്കുള്ളിൽ അഞ്ചു വർഷമായി പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ജനങ്ങളോട് തുറന്നുപറയേണ്ടി വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.