വേടനെക്കുറിച്ചാണ്. വേടനെക്കുറിച്ച് അറിയാത്തവരും വേടനെ രണ്ടുനാള്‍കൊണ്ടാണ് ഫോളോചെയ്ത് തുടങ്ങിയത്, സംസാരിച്ചുതുടങ്ങിയത്, ഒപ്പം എതിര്‍ത്തും ആക്ഷേപിച്ചും തുടങ്ങിയത്. വേടന്‍ കഞ്ചാവ് വലിച്ചാല്‍ നടപടിയെടുക്കണം. വേടന്‍ മറ്റെന്തെങ്കിലും നിയമവിരുദ്ധമായി ചെയ്താല്‍ നിയമംകൊണ്ട് മറുപടി പറയണം. പക്ഷെ വനംവകുപ്പ് നിയമം കയ്യിലെടുത്തപ്പോള്‍ എന്താണ് സംഭവിച്ചത് എന്നുകണ്ടല്ലോ. അതോടെ വേടന്‍ കൂടുതല്‍പേര്‍ക്ക് സ്വീകാര്യനായി. കുറേപ്പേര്‍ക്ക് അതോടെ വേടന്‍റെ കഞ്ചാവും വിഷയമല്ലാതായി. അത് ശരിയോ എന്നത് ചോദ്യമാണ്. പക്ഷെ നമ്മളിന്നിവിടെ സംസാരിക്കുന്നത്, അതിനും പിന്നാലെ ഉരുത്തിരിഞ്ഞ സാഹചര്യമാണ്. അത്, വേടനെതിരായ ഒരു വിഭാഗത്തിന്‍റെ തുടര്‍ച്ചയായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ്. വേടന്‍റെ പാട്ടുകള്‍ ജാതിഭീകരത പ്രചരിപ്പിക്കുന്നുവെന്ന് കേസരി വാരിക പത്രാധിപര്‍ പറഞ്ഞത് നമ്മള്‍ കേട്ടു. വേടന് പിന്നില്‍ രാജ്യത്തിന്‍റെ വിഘടനവാദികളുണ്ടെന്ന ഗുരുതര ആക്ഷേപവും ഇന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല പറയുന്നു, വേടന്‍റെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുന്നില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്ന്. കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂ എന്ന ഭരണകൂട രീതി മാറണമെന്ന്. അത് അവസാനിപ്പിക്കാന്‍ സമയമായെന്ന് കെഞ്ചുകയല്ല ആജ്ഞാപിക്കുകയാണെന്നും ഹിന്ദു ഐക്യവേദി. അപ്പോള്‍ ചോദ്യമിതാണ്. വേടനെ വിടാതെ പിടിക്കുന്നത് എന്തിനാണ്?