ആറ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടും, സമൂഹത്തിന് അങ്ങേയറ്റത്തെ തെറ്റായ സന്ദേശം നൽകുന്ന വിധിയെന്ന് പ്രോസിക്യൂഷൻ പരസ്യമായി പ്രതികരിക്കുന്നത് അസാധാരണമാണ്. രാജ്യം ഞെട്ടിത്തരിച്ച, കേട്ടുകേൾവിയില്ലാത്ത ക്വട്ടേഷൻ ബലാൽസംഗത്തിന്‍റെ, നീണ്ടു നീണ്ടുപോയ വിചാരണക്കൊടുവിൽ നടപ്പായത് നീതിയാണോ? പൊതുസമൂഹം ശിക്ഷാവിധിയിൽ നിരാശരാണോ? ക്വട്ടേഷൻ കോടതിക്ക് ബോധ്യപ്പെട്ടില്ല, ആസൂത്രകനെന്ന് അന്വേഷണസംഘം കണ്ടെത്തിയ പ്രതിക്കെതിരായ തെളിവുകൾ കോടതി തള്ളിക്കളഞ്ഞു. ശേഷിക്കുന്ന, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 6 പ്രതികൾ കൂട്ടബലാൽസംഗത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞിട്ടും ആനുപാതികമായ ശിക്ഷ കിട്ടിയില്ല. കൂട്ടബലാൽസംഗത്തിന് ഇന്ത്യൻശിക്ഷാനിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം തടവ് മാത്രം. വിചാരണക്കാലയളവിലെ ജയിൽവാസം കൂടി കണക്കിലെടുത്ത് ശിക്ഷ നടപ്പാക്കുമ്പോൾ തടവ് അധികം നീളില്ലെന്നും വ്യക്തം. പ്രോസിക്യൂഷൻ തെളിയിച്ച അതിക്രൂരമായ കുറ്റത്തിനുള്ള കുറഞ്ഞ ശിക്ഷ കോടതിയുടെ ഔദാര്യമല്ലെന്ന അതിരൂക്ഷ വിമർശനം കൂടി ഉന്നയിച്ചു സ്പെഷ്യൽ പ്രോസിക്യൂട്ടർ. പ്രസിദ്ധയായ നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ക്വട്ടേഷൻ നടപ്പാക്കിയെന്ന കേസ് ഒരു സാധാരണ ബലാൽസംഗ കേസിന്‍റെ ഗൗരവും പോലുമില്ലാത്ത വിധം അവസാനിച്ചത് എന്തുകൊണ്ടാണ്? നീതി നിർവഹിച്ചാൽ മാത്രം പോരാ, നീതി നടപ്പായെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്ന് നീതിബോധം പണയപ്പെടുത്തിയിട്ടില്ലാത്ത പൊതുസമൂഹം വിളിച്ചുപറയുകയാണോ?