ഭീകരതയെ അവരുടെ മാളത്തില്‍ മുച്ചൂടും മുടിച്ചടക്കിയ ഇന്ത്യന്‍ സൈനിക കരുത്തിന് 24 മണിക്കൂറിന്‍റ ആയുസാവുകയാണ്. അര്‍ധരാത്രി 1.04 നും 1.35നും ഇടയില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. അധിനിവേശ കശ്മീരും കടന്ന് പാക് മണ്ണില്‍ തന്നെ പാഞ്ഞെത്തി മിസൈലുകള്‍. 1971 ന് ശേഷം ഇങ്ങനെയൊരു മറുപടി ആദ്യം. പെഹല്‍ഗാമിലെ നിരപരാധികളുടെ ചോരയ്ക്ക് 25 മിനിറ്റില്‍ 24 മിസൈലുകള്‍ കൊണ്ടാണ് ഇന്ത്യയുടെ ആറ്റുക്കുറിക്കിയ പ്രഹരം. രാജ്യാതിര്‍ത്തി ഭേദിക്കാതെ തന്നെ, റഫാല്‍ അടക്കം യുദ്ധവിമാനങ്ങള്‍ തീയുണ്ട പെയ്യിച്ചപ്പോള്‍ എരിഞ്ഞടങ്ങിയത് 9 ഭീകര നഴ്സറികള്‍. നിയന്ത്രണ രേഖയില്‍ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയുള്ള, പാക് അധീന കശ്മീരിലെ ലഷ്കര്‍ ചാവേര്‍ പരിശീലന കേന്ദ്രമായ കോട്‍ലി അബ്ബാസ് ക്യാംപ് മുതല്‍, LOC യില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാനിലെ ബാവല്‍പൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ജയ്ഷെ മുഹമ്മദിന്‍റെ മുഖ്യ ആസ്ഥാനം വരെ ഞൊടിയിടയില്‍ ധൂളികളായി. ബാവല്‍പൂരില്‍ തന്‍റെ 10 ബന്ധുക്കളടക്കം നിരവധി ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ജയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ പ്രസ്താവന പുറത്തുവന്നു. ആകെ കൊല്ലപ്പെട്ട ഭീകരര്‍ 70വരുമെന്ന് വിവരം. 24 പേര്‍ മരിച്ചെന്ന് പാക്കിസ്ഥാന്‍ സമ്മതിക്കുന്നു. എല്ലാവരും സാധാരണ ജനങ്ങളെന്നാണും..തിരിച്ച്.. അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും, ആഘാതത്തിന്‍റെ ക്ഷീണവും നാണക്കേടും മറയ്ക്കാന്‍ പാക് അവകാശവാദം. പിന്നെ കണ്ടത്, അതിര്‍ത്തിയിലെ സര്‍വ അതിരും വിട്ട പ്രകോപനം. ഭീകരരെ തീര്‍ത്തതിന് പാക്കിസ്ഥാന്‍ അരിശം കാട്ടിയത് ജമ്മുകാശ്മീലെ പത്ത് ഇന്ത്യന്‍ പൗരന്‍മാരെ വീടുകളില്‍ ഷെല്ലാക്രമണം നടത്തി കൊലപ്പെടുത്തിയാണ്. ഇനിയും, ഏത് സാഹചര്യത്തെയും നേരിടാന്‍ സുസജ്ജമായി സൈന്യവും രാജ്യവും നില്‍ക്കുന്നു, രാജ്യവ്യാപക മോക്ഡ്രിലും ഇന്ന് നടത്തി. കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു-പാക്കിസ്ഥാന്‍ പാഠം പഠിച്ചോ? ഇനിയെന്ത്?