ജലീല്‍ പുറത്തേക്കോ..? ഇത്രകാലം സംരക്ഷിച്ച സര്‍ക്കാര്‍ മറുപടി പറയണോ?

എല്‍ഡിഎഫ് സര്‍ക്കാരിനെ അതിന്റെ പലഘട്ടത്തിലും പ്രതിസന്ധിയിലാക്കിയത് നിയമനങ്ങളാണ്. ബന്ധുനിയമന വിവാദത്തില്‍ രാജിവച്ച ഇ.പി.ജയരാജന്‍ പിന്നീട് തിരികെയെത്തി. സ്വപ്ന സുരേഷിന്റെ നിയമനം സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും വിവാദത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിഞ്ഞു. നിയമനസമരം അവസാന നാളുകളില്‍ വിവാദച്ചൂട് കൂട്ടി. താല്‍ക്കാലികക്കാരെ സ്ഥിപ്പെടുത്തുന്നത് സര്‍ക്കാരിന് നിര്‍ത്തിവയ്ക്കേണ്ടിയും വന്നു. ഇതിനൊക്കെ ഇടയില്‍ ഉയരുകയും പിന്നെ കെട്ടുപോകുകയും ചെയ്ത ഒരു നിയമനവിവാദം ഇപ്പോഴിതാ കാവല്‍ സര്‍ക്കാരിലെ ഒരു മന്ത്രിയുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധി. അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയ ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത. നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു. ലോകായുക്ത വിധി ജലീലിനെ മന്ത്രിക്കസേരയില്‍നിന്ന് പുറത്താക്കുമോ? ഈ വിവാദത്തില്‍ ഉടനീളം ജലീലിനെ സംരക്ഷിച്ച സര്‍ക്കാര്‍ മറുപടി പറയണോ?