• രാവിലെയോടെ ബാഗില്‍ തോക്കൊളിപ്പിച്ച് മുഹമ്മദ് സൗദ് സ്കൂളിലെത്തിയെന്ന് പൊലീസ് പറയുന്നു. ഫാത്തിമയോട് താഴേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. യുവതി തയാറാവാതിരുന്നതോടെ പിടിച്ച് വലിച്ചിറക്കുകയായിരുന്നു

പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതില്‍ കുപിതനായി യുവതിയെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലിട്ട് യുവാവ് വെടിവച്ച് കൊന്നു. പിന്നാലെ യുവാവും ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നരയോടെ ചില്‍ഡ്രന്‍സ് അക്കദമി സ്കൂളിലാണ് സംഭവമുണ്ടായത്. ഇവിടുത്തെ അധ്യാപികയായിരുന്ന നിഷ ഫാത്തിമ (26) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വര്‍ഷമായി സ്കൂളിലെ ടീച്ചറായിരുന്നു. മുഹമ്മദ് സൗദെന്ന യുവാവാണ് ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

തിങ്കളാഴ്ച രാവിലെയോടെ ബാഗില്‍ തോക്കൊളിപ്പിച്ച് മുഹമ്മദ് സൗദ് സ്കൂളിലെത്തിയെന്ന് പൊലീസ് പറയുന്നു. ഫാത്തിമയോട് താഴേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. യുവതി തയാറാവാതിരുന്നതോടെ പിടിച്ച് വലിച്ചിറക്കുകയായിരുന്നു. പിടി വിടുവിക്കാന്‍ ഫാത്തിമ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പന്തികേട് തോന്നിയ അധ്യാപകരിലൊരാള്‍ ഫാത്തിമയുടെ പിന്നാലെയെത്തി. എന്നാല്‍ അപ്പോഴേക്കും സൗദ്, ഫാത്തിമയുടെ തലയിലേക്ക് വെടിയുതിര്‍ത്തു. തൊട്ടുപിന്നാലെ സ്വയം നിറയൊഴിക്കുകയും ചെയ്തു. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. 

സൗദ് നാലു റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയത്. വിദ്യാര്‍ഥികളും അധ്യാപകരം ഞെട്ടിത്തരിച്ച് നിന്നുവെന്നും പൊലീസെത്തിയാണ് മൃതദേഹങ്ങള്‍ മാറ്റിയതെന്നും അധികൃതര്‍ വ്യക്തമാക്കി. 

സൗദും ഫാത്തിമയും പ്രണയത്തിലായിരുന്നുവെന്നും അടുത്തയിടെ ഫാത്തിമ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറിയത് സൗദിനെ പ്രകോപിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും സ്കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

ENGLISH SUMMARY:

A 26-year-old teacher, Nishat Fatima, was shot dead inside Children's Academy School in Lakhimpur Kheri, Uttar Pradesh, by Mohammad Saud Ansari, who then shot himself dead. The incident took place around 11:30 AM in the school corridor in front of panic-stricken students and staff. Police have registered an FIR against the deceased accused and his family for stalking and harassment, while forensic teams conduct an ongoing investigation.