ബൈക്ക് യാത്രികനെ ഇടിച്ചു, വണ്ടിയില്‍ ശരീരം കുടുങ്ങിയിട്ടും മീറ്ററുകള്‍ മുന്നോട്ട് കുതിച്ചു. ഒടുവില്‍ മറ്റൊരു കാറിന് കൈകാണിച്ച് വാഹനം ഓടിച്ച യുവതി മുങ്ങി. ഉത്തര്‍ പ്രദേശില്‍ നടന്ന ഒരു ദാരുണാപകടത്തിന്‍റെ വാര്‍ത്തയാണിത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എസ്‌യുവി ഓടിച്ച 24കാരി പൊലീസ് കസ്റ്റഡിയിലാണ്.
സന്തോഷ് സിങ് ചൗഹാന്‍ എന്ന 55കാരനാണ് പലചരക്ക് കടയില്‍ നിന്നും മടങ്ങവെ അപ്രതീക്ഷിത മരണത്തിനിരയായത്. 24കാരി ഓടിച്ച എസ്‍യുവി സന്തോഷിന്‍റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറും സന്തോഷും എസ്‍യുവിക്കടിയില്‍ കുടുങ്ങി. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണംവിട്ടു. തുടര്‍ന്ന് മീറ്ററുകള്‍ക്കപ്പുറത്തുണ്ടായിരുന്ന വീട്ടിലെ തോട്ടത്തിലേക്കിടിച്ചുകയറിയാണ് വാഹനം നിന്നത്. ഇതിനോടകം സന്തോഷ് മരിച്ചിരുന്നു.
അപകടശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടും മുന്‍പ് 24കാരിയും ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയും വഴിയെ വന്ന കാറിന് കൈകാട്ടി കയറിപ്പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രദേശത്തെത്തി സന്തോഷിന്‍റെ ശരീരം ആശുപത്രിയിലേക്ക് മാറ്റി. അധികം വൈകാതെ വാഹനമോടിച്ച 24കാരിയെ പൊലീസ് പിടികൂടി. യുവതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കേസെടുത്തിട്ടുണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ സന്തോഷിന്‍റെ ഇലക്ട്രിക് സ്കൂട്ടറില്‍ നിന്ന് മകന് അപായസന്ദേശം ലഭിക്കുകയും മകന്‍ അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അച്ഛന്‍റെ ശരീരമാണ് മകന‍് കണ്ടത്.