Image: ANI
ഉത്തർപ്രദേശിലെ കാൻപൂരിൽ വീടിന്റെ മേൽക്കൂര തകർന്ന് ഇരുപത് ദിവസം പ്രായമായ കുഞ്ഞും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. പങ്കി പടാവ് പ്രദേശത്താണ് അപകടമുണ്ടായത്. മുളയും മണ്ണും തടികളും ഉപയോഗിച്ച് നിർമ്മിച്ച പഴയ വീടിന്റെ മേൽക്കൂരയാണ് നിലംപൊത്തിയത്. മഴ കാരണം മേൽക്കൂരയുടെ ഭാരം കൂടിയതാണ് അപകടകാരണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിനോദിനി ശുക്ല (60), മകൻ ഹർഷ് ശുക്ല (32), മരുമകൾ അൻഷിക ശുക്ല (28), ചെറുമകൻ ആരവ് എന്നിവര്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ ഉടൻ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വിനോദിനി, അൻഷിക, ആരവ് എന്നിവര്‍ മരിച്ചിരുന്നു. ഹർഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മേൽക്കൂര തകർന്നുവീഴുമ്പോൾ നാലുപേരും ഒരു മുറിയിലായിരുന്നു. അൻഷിക ഈ സമയം കുഞ്ഞിന് പാലൂട്ടുകയായിരുന്നു. അപകടമുണ്ടായപ്പോള്‍ അൻഷിക കുഞ്ഞിനെ രക്ഷിക്കാനായി തന്റെ ശരീരത്തോട് ചേർത്ത്പിടിച്ചെങ്കിലും ആ ജീവനും രക്ഷിക്കാനായില്ല. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
നാല് മുറികളുള്ള 35 വർഷം പഴക്കമുള്ള വീടാണ് തകര്‍ന്നത്. അവ്ദേഷ് ശുക്ല (65) എന്നയാളുടേതാണ് വീട്. അപകടം നടക്കുമ്പോൾ അദ്ദേഹവും ഇളയ മകൻ രാജു ശുക്ലയും (29) മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പങ്കിയിലെ ഒരു സ്റ്റീൽ അതോറിറ്റി കമ്പനിയിലാണ് ഹർഷ് ജോലി ചെയ്യുന്നത്, രണ്ട് വർഷം മുമ്പായിരുന്നു അന്ഷികയുടേയും ഹര്‍ഷിന്റേയും വിവാഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.