Image Credit: x

  • സിസിടിവിയിലൂടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സദാ നിരീക്ഷിച്ചിരുന്നുവെന്നും തന്‍റെ ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി വരെ അമ്മായിയപ്പനോട് പണം യാചിക്കേണ്ടി വന്നത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശാലു

അമിതമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ അമ്മായിയപ്പനെ ആറു ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി യുവതി വകവരുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ കഴിഞ്ഞ ദിവസമാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരിയായ വിനോത് മിനോച്ച കൊല്ലപ്പെട്ടത്. ശാലുവിന്‍റെ വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ വിനീത് മിനോച്ച കടന്നുകയറിയെന്നും സാമ്പത്തിക സ്വാതന്ത്ര്യം അനുവദിച്ചില്ലെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. സ്വന്തം ഫ്ലാറ്റില്‍ കിടപ്പുമുറിയില്‍ 26 തവണയിലേറെ ശരീരത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് വിനീതിനെ കണ്ടെത്തിയത്. കൊലപാതകത്തില്‍ ശാലുവിന് പുറമെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്ന വിശാല്‍, സുഹൃത്ത് രാജ് കിഷോര്‍ എന്നിവര്‍ അറസ്റ്റിലായി. 

സമ്പന്ന കുടുംബമായിട്ടും വളരെ പിശുക്കിയാണ് വിനീത് ജീവിച്ചിരുന്നതെന്ന് ശാലു മൊഴി നല്‍കി. സിസിടിവിയിലൂടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സദാ നിരീക്ഷിച്ചിരുന്നുവെന്നും തന്‍റെ ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി വരെ അമ്മായിയപ്പനോട് പണം യാചിക്കേണ്ടി വന്നത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശാലു പറഞ്ഞു. ജൂലൈ 28ന് നഗരത്തില്‍ നിശാ പാര്‍ട്ടി കഴിഞ്ഞ് ശാലു വീട്ടിലേക്ക് എത്തിയപ്പോള്‍ വിനീത് ചോദ്യം ചെയ്തു. സാമ്പത്തിക അച്ചടക്കം വേണമെന്നും സമൂഹത്തില്‍ നിലയും വിലയുമുള്ള കുടുംബമായതിനാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കണമെന്നും സ്വയം നിയന്ത്രണം വേണമെന്നും പറഞ്ഞത് വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ശാലു പൊലീസിനോട് സമ്മതിച്ചു.

അമ്മായിയപ്പനുമായുള്ള ഭിന്നത രൂക്ഷമായതോടെ ക്വട്ടേഷന്‍ നല്‍കാന്‍ ശാലു തീരുമാനിച്ചു. തുടര്‍ന്നാണ് ആറു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് മുന്‍ ജോലിക്കാരനായ വിശാലിനെ സമീപിച്ചത്. ഇതിനായി ഫ്ലാറ്റിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും രണ്ട് ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. ഒടുവില്‍ ജന്‍മാഷ്ടമി ദിവസം കൃത്യം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ശാലുവും ഭര്‍ത്താവും പാര്‍ട്ടിക്ക് പോയ സമയത്ത് വിശാലും സംഘവും വീട്ടിലെത്തി. മരുന്നെടുക്കാന്‍ വിശാല്‍ വരുമെന്ന് ശാലു പറഞ്ഞതിനാല്‍ സെക്യൂരിറ്റി ഗേറ്റും തുറന്ന് നല്‍കി. കയ്യില്‍ കരുതിയ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൊണ്ട് വീടിനുള്ളില്‍ കയറിയ സംഘം വിനീതിനെ തലയിണ കൊണ്ട് അമര്‍ത്തിക്കൊല്ലാനാണ് പ്ലാനിട്ടത്. 

പക്ഷേ കിടപ്പുമുറിയില്‍ ഒളിച്ചിരുന്ന അക്രമിസംഘത്തെ വിനീത് കണ്ടതോടെ പദ്ധതി പാളി. തുടര്‍ന്ന് മല്‍പ്പിടുത്തമായി 26 തവണ കുത്തിക്കൊലപ്പെടുത്തി. അക്രമികള്‍ സ്ഥലംവിടുകയും ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയ ശാലുവും ഭര്‍ത്താവും രക്തത്തില്‍ കുളിച്ച് കിടന്ന വിനീതിനെ കണ്ടതോടെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ മോഷണത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അനുമാനിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശാലു കുടുങ്ങിയത്. ശാലുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ENGLISH SUMMARY:

A Kanpur woman, Shalu, was arrested alongside two accomplices for hiring hitmen for ₹6 lakh to murder her father-in-law, Vineet Minocha, a wealthy pharmaceutical trader. Driven by severe restrictions on her freedom, constant CCTV surveillance, and an intense argument following her return from a late-night party, Shalu orchestrated the crime. She provided the killers with ₹2 lakh advance payment and duplicate keys to access the flat while she and her husband were away. The hitmen ambushed Vineet in his bedroom and stabbed him 26 times after an initial plan to suffocate him failed, leading police to uncover the plot during their investigation.