കൊച്ചി കുണ്ടന്നൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഓജീസ് കാന്താരി ബാറിലുണ്ടായ തർക്കത്തെയും സംഘർഷത്തെയും തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ തള്ളലിൽ തലയിടിച്ചുവീണ നെട്ടൂർ സ്വദേശിയായ നിർമാണത്തൊഴിലാളി പുഷ്പൻ (55) മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മദ്യത്തിന്റെ അളവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിക്കാനെത്തിയ പുഷ്പന് ലഭിച്ച മദ്യത്തിന്റെ അളവിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാൾ വീണ്ടും ബാറിലെത്തി ചോദ്യം ചെയ്തതോടെയാണ് സുരക്ഷാ ജീവനക്കാരുമായി ഉന്തും തള്ളുമുണ്ടായത്.
ജീവനക്കാർ പിടിച്ചുതള്ളിയതിനെ തുടർന്ന് മലർന്നടിച്ചുവീണ പുഷ്പന്റെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻതന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക ഇൻക്വസ്റ്റ് റിപ്പോർട്ടിലെ നിഗമനം.
സംഭവത്തിൽ മർദനമേറ്റതിന്റെ മറ്റ് അടയാളങ്ങളും ശരീരത്തിലുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച മരട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണത്തിൽ പൂർണ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള മൂന്നാമത്തെ സെക്യൂരിറ്റി ജീവനക്കാരനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.