മലപ്പുറം എടവണ്ണ പാറയിൽ നാലു നില കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ച അതിഥിത്തൊഴിലാളിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ജാർഖണ്ഡ് സ്വദേശി പ്രകാശാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രകാശിന്റെ സുഹൃത്തും നാട്ടുകാരനുമായ ജാർഖണ്ഡ് സ്വദേശി സുനിൽ തീറോയെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യത്തെ തുടർന്ന് മദ്യലഹരിയിലാണ് സുനിൽ തീറോ കൊലപാതകം നടത്തിയതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് കെട്ടിടത്തിനു താഴെ പ്രകാശിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിൽ കെട്ടിടത്തിനു മുകളിൽനിന്ന് അബദ്ധത്തിൽ കാൽവഴുതി വീണു മരിച്ചതാണെന്നാണ് ആദ്യഘട്ടത്തിൽ കരുതിയതെങ്കിലും സംഭവസ്ഥലത്തെ സാഹചര്യങ്ങളിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടർന്ന് പ്രകാശിനൊപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്. സുനിലിന് പരസ്ത്രീബന്ധമുണ്ടെന്ന് ഭാര്യയോട് പ്രകാശ് പറഞ്ഞതാണ് കൊലപാതകത്തിനു കാരണം.

സംഭവദിവസം ഇരുവരും മദ്യപിച്ചിരുന്നതായും തർക്കത്തിനിടെ സുനിൽ തീറോ പ്രകാശിന്റെ തല ഭിത്തിയിൽ പലവട്ടം ഇടിച്ച് ബോധംകെടുത്തിയ ശേഷം നാലാം നിലയിൽനിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയായ സുനിൽ തീറോ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

ENGLISH SUMMARY:

The death of a migrant worker who fell from a four-story building in Edavanna, Malappuram, has been confirmed as a murder. The deceased has been identified as Prakash, a 35-year-old native of Jharkhand. Edavanna Police arrested his friend and fellow Jharkhand native, Sunil Tero, in connection with the crime. Investigations revealed that an intoxicated Sunil crashed Prakash's head against a wall during an altercation over personal enmity before pushing him off the fourth floor.