girl-arrest

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

ഉത്തർപ്രദേശില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. പുതുവത്സര ദിനത്തിൽ ബന്ദയിലാണ് സംഭവമുണ്ടായത്. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്‍റെ അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജനുവരി ഒന്നിന് മദ്യപിച്ചെത്തിയ അയല്‍വാസിയായ 45 കാരന്‍ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി കയ്യില്‍ കിട്ടിയ കോടാലി ഉപയോഗിച്ച് പെണ്‍കുട്ടി അക്രമിയെ പ്രതിരോധിക്കുകയായിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടി അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിൽ എത്തി കീഴടങ്ങുകയും ചെയ്തു.

പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ടയാള്‍ പെൺകുട്ടിയുടെ അമ്മയെ കാണാൻ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോളായിരുന്നു ബലാല്‍സംഗ ശ്രമമുണ്ടായത്. മരിച്ചയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വയരക്ഷയ്ക്കായാണ് പെണ്‍കുട്ടി ഇത് ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

An 18-year-old girl in Banda, Uttar Pradesh, killed her 45-year-old neighbor with an axe in self-defense during an attempted sexual assault. The incident occurred on New Year's Day when the victim was alone at home. After the act, the girl surrendered to the police. While a murder case has been filed based on the deceased's wife's complaint, the police confirmed it was an act of self-defense and will present the facts in court.