ബിഹാറിലെ ബക്സറില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേര്‍ക്ക് വെടിയുതിര്‍ത്ത് യുവാവ്. ചൗസ നഗർ പഞ്ചായത്തിലെ മല്ല തോലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പതിനെട്ടുകാരിയായ ആരതി കുമാരിക്കാണ് വെടിയേറ്റത്. ഈ ദൃശ്യങ്ങളെല്ലാം വിവാഹദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ക്യാമറകളില്‍ പതിയുകയും ചെയ്തു.
വരനൊപ്പം സ്റ്റേജില്‍ നില്‍ക്കവേയാണ് ആരതിക്ക് വെടിയേല്‍ക്കുന്നത്. ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും ചുറ്റുമുണ്ടായിരുന്നു. ഈ സമയം ആരതിയുടെ സഹോദരി വരന്‍റെ നെറ്റിയില്‍ കുങ്കുമം തൊടുവിക്കുകയായിരുന്നു. പിന്നാലെ സഹോദരി ആരതിയുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ തിരിഞ്ഞു. പെട്ടെന്നാണ് ക്ഷണിക്കപ്പെട്ട അതിഥികളില്‍ നിന്നും യുവാവ് സ്റ്റേജിന് മുന്നിലെത്തി ആരതിക്ക് നേരെ വെടിയുതിര്‍ക്കുന്നത്.
ആരതിയുടെ വയറിലാണ് വെടിയേറ്റത്. വെടിവയ്ക്കുന്ന ശബ്ദം കേട്ടതോടെ വിവാഹപന്തലിലും ആകെ ബഹളമായി. കുടുംബം ആരതിയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെവച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം വാരണാസിയിലെ ട്രോമ സെന്‍ററിലേക്ക് ആരതിയെ മാറ്റി. ആരതിയുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.
ആരതിയുടെ അയല്‍വാസിയായ ദീന്‍ബന്ധു എന്ന യുവാവാണ് വെടിയുതിര്‍ത്തത്. വെടിയേറ്റതിന് പിന്നാലെ ‘ദീന്‍ബന്ധു എന്നെ വെടിവച്ചു’ എന്ന് ആരതി ബന്ധുക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് ആരതിയോട് പ്രണയമുണ്ടായിരുന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടുവര്‍ഷമായി യുവാവ് ആരതിയുടെ പിറകെയായിരുന്നു. ആരതിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഇയാള്‍ ആരതിയുടേയും കുടുംബത്തേയും ഉപദ്രവിക്കാന്‍ ആരംഭിച്ചതായും നാട്ടുകാര്‍ പറയുന്നു.
സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാളെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മറ്റുപല കേസുകളിലും പ്രതിയായ ഇയാള്‍ മുന്‍പ് തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ടെന്നാണ് വിവരം.