Image credit: x
ഹൈവേ വികസനത്തിന് ഭൂമി വിട്ടുകൊടുത്തയിനത്തില്‍ ലഭിച്ച ആറു ലക്ഷം രൂപ പങ്കുവയ്ക്കപ്പെടാതിരിക്കാന്‍ സഹോദരിയെ യുവാവ് കൊലപ്പെടുത്തിയതില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിയായ റാം ആശിഷ് നിഷാദാണ് സഹോദരനി നീലത്തെ ശ്വാസംമുട്ടിച്ച് കൊന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൈവേയ്ക്കായി ഭൂമി വിട്ടുകൊടുത്ത വകയില്‍ കിട്ടിയ ആറു ലക്ഷം രൂപ നീലത്തിന്‍റെ വിവാഹാവശ്യത്തിനായി ഉപയോഗിക്കാമെന്ന് പിതാവ് പറഞ്ഞതാണ് ആശിഷിനെ പ്രകോപിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടില്‍ മറ്റുള്ളവരില്ലാതിരുന്ന സമയം നോക്കി സഹോദരി നീലത്തെ ആശിഷ് ശ്വാസംമുട്ടിച്ച് കൊന്നു. കാലുകള്‍ തല്ലിയൊടിച്ച ശേഷം മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ കെട്ടിവച്ചു. കരിമ്പിന്‍പാടത്ത് ഉപേക്ഷിക്കുന്നതിനായി പോകുന്നതിനിടെ പൊലീസ് തടഞ്ഞു. ചാക്കിലെന്താണെന്ന് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്നായിരുന്നു ആശിഷിന്‍റെ മറുപടി. സംശയം തോന്നാതിരുന്നതോടെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 70 കിലോമീറ്റര്‍ അകലെ കുശിനഗറിലെ കരിമ്പുപാടത്ത് സഹോദരിയുടെ മൃതദേഹം ആശിഷ് ഉപേക്ഷിക്കുകയും ചെയ്തു.
മകളെ കാണാതായതോടെ ചാഠ് പൂജയ്ക്ക് പോയെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ മകള്‍ നേരെ കഴിഞ്ഞിട്ടും മടങ്ങിവരാതിരുന്നതോടെ വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ അയല്‍വാസികളിലൊരാളാണ് വലിയ ചാക്ക് ബൈക്കില്‍ വച്ച് ആശിഷ് പോകുന്നത് കണ്ടുവെന്ന് ഇവരുടെ പിതാവിനോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി കുടുംബാംഗങ്ങളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം സഹോദരിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ആശിഷ് കുറ്റം സമ്മതിക്കുകയായിരുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ നീലത്തിന്‍റെ വിവാഹം നടത്താനായിരുന്നു കുടുംബം നേരത്തെ നിശ്ചയിച്ചിരുന്നത്.